ഒളിച്ചോട്ടം... അതും ഈ ഇടിയുടെ കൂടെ! പോരേ പൂരം?
==============/==========
ദേ പറയണൂ, ഞാൻ അവളുടെ കഥയാ പറയണേ. ഒരു ഒന്നൊന്നര ഒളിച്ചോട്ട കഥ! അതും ഒരു 18 തികഞ്ഞ മോട്ടോർ!
അന്ന് ഓഫീസിൽ അവളാകെ ഒരു അസ്വസ്ഥതയിലായിരുന്നു. ഉച്ച കഴിഞ്ഞപ്പഴേക്കും എന്തോ അത്യാവശ്യം എന്ന് പറഞ്ഞ് മൂപ്പത്തി ലീവുമെടുത്ത് വീട്ടിലോട്ട് ഒരൊറ്റ ഓട്ടം! ഞാൻ അന്ന് ഉച്ചവരെ ലീവിലായിരുന്നോണ്ട് ഓഫീസിൽ എത്തിയപ്പോ ദേ കിടക്കുന്നു അവളുടെ കസേര കാലിയായിട്ട്! എന്തൂട്ടാ സംഭവം എന്ന് അന്വേഷിച്ചപ്പോളല്ലേ അറിയണത്—മുകളിൽ, വീടിന്റെ മുകളിൽ, എന്തോ പ്ലംബിംഗ് പണിയൊക്കെയുണ്ട്, അത് നോക്കാൻ പോയതാണെന്ന്.
കുറച്ചു കഴിഞ്ഞപ്പോ ഞാൻ ഓഫീസീന്ന് ഇറങ്ങി അടുത്തുള്ള പീടികയിൽ ചെന്ന് ഒരു ചായ കുടിക്കാൻ നിക്കുമ്പോഴാണ് വീണ്ടും ഈ കാര്യം ഓർക്കണേ.
സാധാരണ ലീവെടുക്കുമ്പോ ഒന്നു പറയണതാണല്ലോ, ഇതിപ്പോ എന്താ സംഭവം എന്നൊരു ചിന്ത.
എന്തായാലും ഫോണെടുത്ത് ഒന്നു വിളിച്ചു നോക്കാമെന്ന് കരുതി. അങ്ങേത്തലക്കൽ ഫോൺ എടുത്തു. എന്റെ ചോദ്യം പ്രതീക്ഷിച്ചിട്ടാവും, എടുത്തപ്പഴേ വന്നു സ്റ്റൈലിൽ മറുപടി:
"ഡാ, ഞാൻ ലീവെടുത്തതാടാ ഇന്ന്! രണ്ട് ദിവസമായിട്ട് മോട്ടോർ വെള്ളം എടുക്കുന്നില്ല. വീട്ടിൽ ഒരു തുള്ളി വെള്ളമില്ലാതെ ആകെ കഷ്ടപ്പാടിലായിരുന്നു. അപ്പൊ ദേ നന്നാക്കാൻ ആള് വരാന്നു പറഞ്ഞു, അതോണ്ട് ലീവെടുത്തു പോന്നതാ. അതാ ഉണ്ടായേ!"
അത്രയും കേട്ടപ്പൊ എനിക്ക് സമാധാനമായി. "ഓ, ഇതാണോ കാര്യം!" എന്ന് മനസ്സിൽ വിചാരിച്ച് വേറെന്തൊക്കെയോ കുശലം പറഞ്ഞ് ഫോൺ വെച്ചു.
അങ്ങനെ അടുത്ത ദിവസം പുലർന്നു. അന്നും മൂപ്പത്തിയെ കാണാനില്ല. അതിനടുത്ത ദിവസവും സീറ്റിൽ ആളില്ല! അതിന്റെ അടുത്ത ദിവസവും ഇതേ അവസ്ഥ! എനിക്ക് അപ്പൊത്തന്നെ കാര്യം കത്തി—വീട്ടിൽ കുളിക്കാൻ പോലും വെള്ളം കിട്ടീട്ടുണ്ടാവില്ല! കുളിക്കാതെ എങ്ങനെ ഓഫീസിൽ വരും.
നാലാം ദിവസം അവൾ ഓഫീസിൽ ലാൻഡ് ചെയ്തു. വന്നിട്ടാണെങ്കിൽ ലീവ് ദിവസങ്ങളിലെ ബാക്കി കിടന്ന പണികളൊക്കെ തീർക്കുന്ന തിരക്കിലാണ്. പണിയൊക്കെ ചെയ്ത് ആകെ തളർന്ന് വിഷമിച്ചിരിക്കുമ്പോഴാണ് ഞാൻ അങ്ങോട്ട് ചെല്ലണത്. "എന്തൂട്ടാപ്പൊ ഉണ്ടായേ?" എന്ന മട്ടിൽ ഞാൻ പുരികം രണ്ടും പൊക്കി ആംഗ്യം കാണിച്ചു.
അപ്പൊ അവൾ പറയുകയാണ്, "അതെ... മോട്ടോർ പോയി!" എന്ന്.
എനിക്ക് കാര്യം വല്ല്യ പിടി കിട്ടാത്തോണ്ട് ഞാൻ വീണ്ടും നോക്കിയപ്പോ അവൾ സങ്കടത്തോടെ പറഞ്ഞു :
"അതെടാ, വീട്ടിൽ 18 കൊല്ലമായിട്ട് വെള്ളം തന്ന് സഹായിച്ച എന്റെ സ്വന്തം മോട്ടോർ ഇല്ലേ... അത് പോയി! അന്ന് വലിയൊരു ഇടി വെട്ടിയപ്പോ അതിന്റെ കൂടെ മോട്ടോറും അടിച്ചുപോയി! ഇനി പുതിയൊരെണ്ണം വരാൻ ഒരു ആഴ്ചയെങ്കിലും എടുക്കുംന്ന്!"
അപ്പോഴാണ് എനിക്ക് കാര്യം കത്തിയത്—ഇടിയുടെ കൂടെ മോട്ടോറും പോകും ലേ! അത്രയും കാലം കുടുംബത്തിലെ ഒരംഗത്തെപ്പോലെ കൂടെ നിന്ന് വെള്ളം കോരിത്തന്ന മോട്ടോറാണ്. ആരും കാണാതെ സുഖമായിട്ട് ജീവിക്കാൻ കിണറിന്റെ അടിയിൽ സ്ഥലവും കൊടുത്തു. എന്നിട്ടും പ്രായം 18 ആയപ്പോ, ഒരൊറ്റ ഇടി വന്നപ്പഴേക്കും അതിന്റെ കൂടെ ഇറങ്ങിപ്പോയി! എന്തൊരു ലോകമാടോ ഇത്? അതും "ഈ ഇടിയുടെ കൂടെ ഞാനും പോകുവാണേ" എന്ന് ഒരു വാക്ക് പോലും പറയാതെ!
ആ മോട്ടോറിന് വേണ്ടി നാല് ദിവസം ലീവെടുത്ത അവൾ... അവളെയും കിണറിനെയും ഒക്കെ മറന്ന മോട്ടോർ!
എല്ലാവരെയും പേടിപ്പിച്ചു വിറപ്പിച്ച ആ ഇടി!
എനിക്കാണെങ്കിൽ തല പുകയാൻ തുടങ്ങി. ഈ ഇടി അത്രക്ക് സുന്ദരനാണോ? ഇടിയുടെ കൂടെ ഒളിച്ചോടാൻ ഇടിക്ക് എന്താ ഇത്ര കൊമ്പുണ്ടോ? ഇങ്ങനെയാണെങ്കിൽ ഈ ഇടി ഇനി വേറെ ആരെഎങ്കിലും കൊണ്ടുപോവോ? ഇനി ഇവളെയും തൂക്കിക്കൊണ്ട് പോവോ?
ഈശ്വരാ!
ചിന്ത ഇങ്ങനെ കാടു കയറിയപ്പോ, ഇത് അവളോട് ചോദിച്ച് എനിക്ക് വെറുതെ ‘ഇടി’ വാങ്ങേണ്ടല്ലോ എന്ന് കരുതി ഞാൻ മിണ്ടാതിരുന്നു!
ഓഫീസ് കഴിഞ്ഞ് വീട്ടിൽ പോയപ്പോഴും എന്റെ തലയിൽ ഈ ഒരൊറ്റ ചിന്തയേ ഉള്ളൂ—എന്തിനായിരിക്കും ആ മോട്ടോർ ഇടിയുടെ കൂടെ ഒളിച്ചോടിയത്? മോട്ടോറിനും 18 കഴിഞ്ഞല്ലോ, മേജറായി, സ്വന്തം തീരുമാനമെടുക്കാം!
അപ്പൊ ഇടിയുടെ പ്രായമോ?
ഹേയ്... ചിന്തിക്കുന്നതിന് ഒരു വിവരവും വേണ്ടല്ലോ അല്ലേ?
അല്ല, ഓരോന്ന് കാടുകയറി ചിന്തിക്കാൻ എന്തിനാപ്പൊ വിവരം! ഒരു ചിന്തക്കും വിവരം ഇല്ലല്ലോ!
എന്നിട്ടും ചിന്ത ഇപ്പോ ആരാ !!
ശുഭം.
രചന : സജീവൻ.
06/06/2024

No comments:
Post a Comment