ഒരു യാത്രയിലെ ഓർമ്മക്കുറിപ്പുകൾ....
രചന: സജീവൻ
ഒരു ചടങ്ങിൻ്റെ ഓർമ്മക്ക്....ഒരു യാത്രയുടെയും...
========================
ഡൽഹിയിലെ മരവിപ്പിക്കുന്ന തണുപ്പിൽ നിന്നും കേരളത്തിന്റെ ഹരിതാഭയിലേക്കും പച്ചപ്പിലേക്കും ഹസ്രത് നിസാമുദ്ദീൻ - എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് കുതിച്ചുപായുകയാണ്.
ട്രെയിൻ മഹാരാഷ്ട്രയുടെ അതിർത്തികൾ പിന്നിടുമ്പോൾ, ജനൽക്കമ്പികളിൽ കൈകൾ ഊന്നി പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു മാധവൻ. കണ്ണുകളിലൂടെ പാഞ്ഞുപോകുന്ന കാഴ്ചകളേക്കാൾ വേഗത്തിൽ അയാളുടെ മനസ്സ് കാലത്തിന് പുറകിലേക്ക്, ഏതാണ്ട് മുപ്പത് വർഷങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിച്ചു. അൻപത്തിരണ്ടിന്റെ പക്വതയും ജീവിതാനുഭവങ്ങളും തോളിലുണ്ടെങ്കിലും, ഉള്ളിൽ ഒരു ഇരുപതുകാരന്റെ ചോരത്തിളപ്പും ആകാംക്ഷയുമാണ്. കാരണം, ഈ യാത്ര ഗുരുവായൂർ എന്ന പുണ്യനഗരത്തിലേക്കാണ്. അവിടെ കാത്തിരിക്കുന്നത് വെറും സുഹൃത്തുക്കളല്ല, മാധവന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്ന ചില പ്രിയപ്പെട്ട മുഖങ്ങളാണ്.രണ്ടു ദിവസത്തെ ഈ നീണ്ട ട്രെയിൻ യാത്ര അയാൾക്ക് ഒട്ടും വിരസമായി തോന്നിയില്ല. ചായക്കച്ചവടക്കാരുടെ നീട്ടിവിളികളും, സ്റ്റേഷനുകളിലെ ബഹളങ്ങളും, പാളങ്ങളുടെ താളാത്മകമായ ശബ്ദവുമെല്ലാം ആ യാത്രയ്ക്ക് ഒരു പ്രത്യേക ഭംഗി നൽകി. ഇടയ്ക്കപ്പോഴോ തന്റെ ബാഗിൽ നിന്നും ഒരു പഴയ നീല ഡയറി അയാൾ പുറത്തെടുത്തു. അതിലെ മഷി പടർന്ന താളുകൾ മറിക്കുമ്പോൾ ഓർമ്മകളുടെ ഒരു വൻമതിൽ തന്നെയാണ് മുന്നിൽ തകർന്നുവീണത്.
മുസ്തഫ, ധന്യ, വിന്ദുജ... പിന്നെ മാധവൻ എന്ന അയാൾ. കോളേജ് കാലം മുതൽ തുടങ്ങിയ ആ നാലംഗ സംഘത്തിന്റെ കൂട്ടായ്മ.
വർഷങ്ങൾ എത്ര വേഗമാണ് കൊഴിഞ്ഞുപോയത്!
മാധവനും വിന്ദുജയും വെറും കൂട്ടുകാർ മാത്രമായിരുന്നില്ല. ജനിച്ചതു മുതൽ ഒരേയൊരു പറമ്പിന്റെ അതിരുകൾ പങ്കിട്ട അയൽവാസികൾ. ഒന്നിച്ച് മണ്ണിൽ കളിച്ചു വളർന്നവർ. സ്കൂളിലും കോളേജിലും ഒരേ ബെഞ്ചിലിരുന്ന് പഠിച്ച സഹപാഠികൾ. കാലം അവരെ എത്തിച്ചത് ഒരേ പ്രൈവറ്റ് കമ്പനിയിലാണ്; ജോലിയിലും അവർ സഹപ്രവർത്തകരായി തുടർന്നു. വിന്ദുജ കമ്പനിയുടെ കേരളാ സോൺ എക്സിക്യൂട്ടീവ് ആയി തുടരുമ്പോൾ, മാധവൻ ഉത്തരാഖണ്ഡിലെ ഹരിദ്വാർ യൂണിറ്റിന്റെ ചുമതലയുമായി നാടുവിട്ടുപോയി. വല്ലപ്പോഴും മാത്രം നാട്ടിൽ വരുന്ന ഒരു പ്രവാസിയെപ്പോലെയായിരുന്നു അവൻ.കോളേജ് കാലത്ത് ആണ് ബാക്കി രണ്ടുപേർ ഈ സൗഹൃദത്തിൽ കൂടുന്നത്. പിന്നെ പലരും പലവഴിക്ക് പോയി.
നാളെ വിന്ദുജയുടെ മകൾ മാളവികയുടെ വിവാഹനിശ്ചയമാണ്. ട്രെയിനിലിരുന്ന് ആലോചിക്കുമ്പോൾ മാധവന് അത്ഭുതം തോന്നി—തന്റെ ഒപ്പം നടന്ന് വളർന്ന വിന്ദുവിന്റെ മകൾ ഇതാ ഒരു വധുവാകാൻ ഒരുങ്ങുന്നു! പ്രായം 52 ആയെങ്കിലും മനസ്സിലെ ആ പഴയ കുട്ടിക്കാലം ഇന്നും അങ്ങനെ തന്നെയുണ്ട്.
പിറ്റേന്ന് രാവിലെ ഗുരുവായൂരിലെ കല്യാണ മണ്ഡപത്തിലേക്ക് മാധവൻ പടികൾ കയറിച്ചെല്ലുമ്പോൾ മനസ്സ് നിറഞ്ഞ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് മുസ്തഫയും ധന്യയും അയാളെ എതിരേറ്റത്.
"എടാ മാധവാ... ഒടുവിൽ നീയിങ്ങ് എത്തിയല്ലേ! നരച്ച താടിയും വെച്ച് നീയിപ്പോ ഒരു ഹരിദ്വാർ സന്യാസിയെപ്പോലെ തന്നെയുണ്ട്!"
ദുബായിലെ വലിയ ബിസിനസ്സ് തിരക്കുകളെല്ലാം മാറ്റിവെച്ച് ഓടിയെത്തിയ മുസ്തഫ മാധവനെ കെട്ടിപ്പിടിച്ചുകൊണ്ട് ഉറക്കെ ചിരിച്ചു. കൂടെ നാട്ടിലെ പ്രമുഖ മാധ്യമപ്രവർത്തകയും മികച്ച വനിതാ നേതാവുമായ ധന്യയുമുണ്ടായിരുന്നു. ചാനൽ ചർച്ചകളിലെ ഗാംഭീര്യവും കണിശതയുമെല്ലാം പടിക്കൽ ഉപേക്ഷിച്ച് അവൾ ആ പഴയ കോളേജ് കുമാരിയായി മാറി. വല്ലപ്പോഴും മാത്രം നാട്ടിൽ വരുന്ന മാധവനെ ഒടുവിൽ ഒന്നിച്ച് കിട്ടിയതിന്റെ സന്തോഷം ആ കൂട്ടായ്മയിൽ അലതല്ലി. എല്ലാവരും ഇപ്പോൾ ജീവിതത്തിൽ നല്ല നിലയിലാണ്. മക്കളൊക്കെ വളർന്നു, വലിയ അല്ലലില്ലാതെ സമാധാനത്തോടെയും സന്തോഷത്തോടെയുമാണ് എല്ലാവരുടെയും കുടുംബജീവിതം മുന്നോട്ട് പോകുന്നത്.
ചടങ്ങുകൾ പുരോഗമിക്കവെ, പട്ടുസാരിയുടുത്ത് മകളുടെ സന്തോഷത്തിൽ തിളങ്ങിനിന്ന വിന്ദുജ അവർക്കരികിലേക്ക് ഓടിയെത്തി. അവരെയും മാധവനെ യും കണ്ടതും അവളുടെ കണ്ണുകൾ പെട്ടെന്ന് ഈറനണിഞ്ഞു. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. സ്നേഹത്തോടെ അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു. ചടങ്ങിനിടയിൽ അതിഥികളോട് കുശലം പറച്ചിലുകളും പിന്നെ
സദസ്സിലിരിക്കുന്ന മാധവനെയും കൂട്ടുകാരെയും നോക്കി വികാരാധീനയായി അവൾ അടുത്ത ബന്ധുക്കളോട് സംസാരിക്കാൻ തുടങ്ങി:
"ഇന്ന് എന്റെ മകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. എന്റെ കുടുംബത്തോടൊപ്പം ഇവിടെ നിൽക്കുന്ന മൂന്ന് പേരുണ്ട്— എൻ്റെ കൂട്ടുകാർ ചിലർ.
ഗൾഫിൽ നിന്നും
മുസ്തഫയും, ഈ ധന്യയും. പിന്നെ... ഡൽഹിയിൽ നിന്നും ഹരിദ്വാറിൽ നിന്നുമൊക്കെ ട്രെയിൻ കയറി ഓടിയെത്തിയ മാധവനും. ധന്യക്ക് നാട്ടാരെ വിചാരണ ചെയ്ത് ചെയ്ത് എങ്ങനെയോ നേരം കിട്ടി. എന്ന് എനിക്കറിയില്ല. ഏതേലും നാട്ടുകാർ അവളെ കൈ വെക്കാതെ നോക്കണം. ഇന്നലെ അവൾ അങ്ങനെ അല്ലെ
മാധ്യമ വിചാരണ ചെയ്ത് ചെയ്ത് ഇരുന്നത്.
ഇവൻ്റെ കാര്യം , എന്ന് വെച്ചാൽ
ഞങ്ങൾ ഒരേ മണ്ണിൽ വളർന്നവരാണ്, ഒരുമിച്ച് പഠിച്ചവരാണ്, ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. ജീവിതത്തിൽ എന്ത് പ്രതിസന്ധിയുണ്ടായാലും എനിക്ക് കണ്ണടച്ച് വിശ്വസിക്കാനും ധൈര്യമായി വിളിക്കാനും പറ്റുന്ന
ആ, ഇവൻ, മാധവൻ..."
വിന്ദുവിന്റെ വാക്കുകൾ കേട്ട് മാധവന്റെ നെഞ്ച് സന്തോഷം കൊണ്ടും വികാരവായ്പ് കൊണ്ടും വിങ്ങിപ്പൊട്ടി. ആ സൗഹൃദത്തിന്റെ ആഴം ചുറ്റുമുള്ളവരും തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.
ചടങ്ങുകൾക്ക് ശേഷം ഹാളിന്റെ ഒരു കോണിൽ അവർ നാൽവരും സംസാരിച്ചിരിക്കുമ്പോഴാണ് അവിചാരിതമായി കോളേജിലെ ചില പഴയ സഹപാഠികൾ കൂടി അങ്ങോട്ട് കടന്നുവന്നത്. അതോടെ ആകെ ബഹളമായി. കൂട്ടത്തിൽ റഫീഖും ഷൈനിയും മാധവനെ നോക്കി കണ്ണിറുക്കി പല്ലിളിച്ചു. റഫീഖ് ഇന്ന് പഴയ ആളല്ല, വരികൾ കൊണ്ട് മലയാളി മനസ്സ് കീഴടക്കിയ ഒരു അറിയപ്പെടുന്ന സിനിമാ ഗാനരചയിതാവാണ് . റഫീഖ് മാധവന്റെ തോളിൽ തട്ടി ഉറക്കെ ചോദിച്ചു:"എടാ മാധവാ... ഓർമ്മയുണ്ടോ ആ പഴയ നീല ഡയറിയും കൊണ്ട് കവിതാ പ്രേമവുമായി നടന്ന കാലം? നീ അന്ന് എഴുതിയ കവിതകളൊക്കെ മോഷ്ടിച്ചാണ് ഞാൻ ഇന്ന് സിനിമയിൽ പാട്ടെഴുതുന്നത്.
"മാധവൻ അറിയാതെ ഒന്ന് ചമ്മി, മുഖം താഴ്ത്തി ചിരിച്ചു. കോളേജ് കാലത്ത് മാധവന് തോന്നിയിരുന്ന ആ 'വലിയ പ്രണയം'—ഒടുവിൽ അവൾ മാധവനെ ഒഴിവാക്കി മറ്റൊരാളുടെ കൂടെ പോയതും, അതറിഞ്ഞ് മാധവൻ താടിയും വളർത്തി 'ദേവദാസിനെപ്പോലെ' നടന്നതുമെല്ലാം മുസ്തഫയും ധന്യയും ചേർന്ന് വീണ്ടും ഓർത്തെടുത്തപ്പോൾ അവിടെ വലിയൊരു ചിരിയുണർന്നു. അന്ന് തകർന്നുപോയെന്ന് കരുതിയ ആ പഴയ പ്രണയപരാജയം ഇന്ന്, അൻപത്തിരണ്ടാം വയസ്സിൽ, വെറുമൊരു മധുരമുള്ള തമാശയും സൗഹൃദക്കൂട്ടത്തിലെ ചമ്മലുമായി മാറിയിരിക്കുന്നു. ഷൈനിയുടെ വക അടുത്ത ട്രോൾ കിട്ടി, ഈ പറേണ റഫീഖിൻ്റെ അന്നത്തെ ഓള് ആരാ ഇപ്പോ. ഇനി പറയണ്ട എന്ന് പറഞ്ഞ് ഷൈനിയുടെ വാ പൊത്തി, ധന്യ അപ്പൊ..
അപ്പൊ എന്താ ഉണ്ടല്ലേ , നാം അറിയാത്തത്.
കൂട്ടച്ചിരി മുഴങ്ങി, അവിടെ .
പലതും പറഞ്ഞ് അത് സദസ് അങ്ങനെ തുടർന്നു.
വിഭവസമൃദ്ധമായ സദ്യയും കഴിഞ്ഞ്, പഴയ ഓർമ്മകളെല്ലാം ഒന്നുകൂടി പുതുക്കി വൈകുന്നേരത്തോടെ എല്ലാവരും പിരിയാൻ തുടങ്ങി. മുസ്തഫയ്ക്ക് രാത്രി നെടുമ്പാശ്ശേരിയിൽ നിന്ന് ദുബായിലേക്ക് ഫ്ലൈറ്റുണ്ട്. ധന്യയ്ക്ക് രാത്രി ഒൻപത് മണിക്ക് ചാനലിൽ തത്സമയ ചർച്ചയിൽ പങ്കെടുക്കണം. വിന്ദുവിനോടും മകളോടും യാത്ര പറഞ്ഞ് മാധവനും തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു.രാത്രി ഒൻപത് മണിക്ക് ഡൽഹിയിലേക്കുള്ള മടക്ക ട്രെയിനിന്റെ അപ്പർ ബർത്തിൽ കിടക്കുമ്പോൾ മാധവന്റെ ചുണ്ടിൽ ഒരു ചെറിയ ചിരിയുണ്ടായിരുന്നു.വരുമ്പോൾ മനസ്സിലുണ്ടായിരുന്ന ആകാംക്ഷയ്ക്ക് പകരം ഇപ്പോൾ അവിടെ വല്ലാത്തൊരു ശാന്തതയും തൃപ്തിയുമാണ്. ട്രെയിൻ ഇരുട്ടിനെ കീറിമുറിച്ച് വീണ്ടും ഉത്തരേന്ത്യൻ സമതലങ്ങളിലേക്ക് കുതിച്ചുപാടിയുമ്പോഴും, ഗുരുവായൂരിലെ ആ മണ്ഡപവും, കൂട്ടുകാരുടെ പൊട്ടിച്ചിരികളും, റഫീഖിന്റെ കളിയാക്കലുകളും, വിന്ദുവിന്റെ വാക്കുകളും മാധവന്റെ മനസ്സിൽ ഒരു നനുത്ത മന്ദമാരുതനായി വീശിക്കൊണ്ടേയിരുന്നു. വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഈ ഒത്തുചേരലുകളാണ് ജീവിതത്തെ എത്രമാത്രം മനോഹരമാക്കുന്നത് എന്ന് അയാൾ തിരിച്ചറിയുകയായിരുന്നു.
നന്ദി വിന്ദുജാ
നന്ദി ധന്യ
നന്ദി മുസ്തഫ
ശുഭം
രചന: സജീവൻ
14/06/2026
===================

No comments:
Post a Comment