Thursday, June 18, 2026

ഒരു ഭൂകമ്പ രാത്രിയുടെ അടുത്ത സുപ്രഭാതം !! ഓർമ്മ കുറിപ്പ്.

ഒരു ഭൂകമ്പ രാത്രിയുടെ അടുത്ത സുപ്രഭാതം !!

====================

രചന: സജീവൻ 

22/03/2023

====================

ഇന്നലെ രാത്രി ഒരതിഥി വന്നിരുന്നു. ക്ഷണിക്കപ്പെടാത്ത ഒരു വിരുതൻ!


ദിവസത്തെ അധ്വാനം കഴിഞ്ഞ് കണ്ണൊന്നു പൂട്ടി മയങ്ങിയ നേരത്താണ് കട്ടിലൊന്ന് ആടിയത്. വെറുതെ ഒരു കുലുക്കം.


നെട്ടോട്ടത്തോടെ കണ്ണ് തുറന്നു നോക്കുമ്പോഴുണ്ട്, ദാ കിടക്കുന്നു പൂമുഖത്തെ ടീപ്പോയിയും ടിവിയും ഒന്നിച്ച് കഥകളിയാടുന്നു! 

അതോടെ എന്റെ ഉള്ളിലെ കിളികളെല്ലാം കൂടും കുടുക്കയുമെടുത്ത് ഒരൊറ്റ പറക്കലായിരുന്നു. പിന്നെ അവിടെ ഒരു കുരുവി പോലും ബാക്കിയുണ്ടായിരുന്നില്ല.


പെട്ടെന്നാണ് മണ്ടയ്ക്ക് വെളിച്ചം വീണത്. സംഗതി മറ്റൊന്നുമല്ല—ഒരു കുഞ്ഞൻ ഭൂമികുലുക്കം! 

അത്രയേ ഉള്ളൂ.


അപ്പോഴേക്കും ഫാക്ടറിയിലെ അപായ സൈറൺ മുഴങ്ങിത്തുടങ്ങി. അവിടെ എന്തെങ്കിലും ചെറിയൊരു പ്രകമ്പനം ഉണ്ടായാൽ അലാറം കൂവാൻ തുടങ്ങും. ആകെപ്പാടെ ഒരു ബുദ്ധിഭ്രമം വന്ന അവസ്ഥയായിരുന്നു എനിക്ക്.

ബോധോദയം ഉണ്ടായപ്പോൾ 'ഇനി എവിടെപ്പോയി ഒളിക്കും?' എന്ന ചിന്തയായി. 

ഒരു രണ്ട്-മൂന്ന് സെക്കൻഡ് കൊണ്ട് കുലുക്കം നിന്നിരുന്നു. ചിലപ്പോൾ പേടി കാരണം എനിക്ക് തോന്നിയതാവാം മൂന്ന് സെക്കൻഡ് എന്ന്. അതിൽ കൂടുതൽ സമയമുണ്ടായിരുന്നു എന്നാണ് പുറത്തുള്ള ചിലരൊക്കെ പറയുന്നത്.

ഇനി ആ 'അതിഥി' വീണ്ടും വന്നാലോ എന്ന് കരുതി അടുത്ത വഴി ആലോചിച്ചു. കട്ടിലിനടിയിൽ കയറി കിടന്നാലോ? 

എന്റെ ശരീരത്തിന്റെ വലിപ്പവും കട്ടിലിന്റെ അടിയിലെ വിടവും തമ്മിൽ ഒരു താരതമ്യ പഠനം ആ ചുരുങ്ങിയ സമയം കൊണ്ട് ഞാൻ നടത്തി നോക്കി. 

ഏതൊരാളും ചെയ്തു പോകും, കാരണം കിളികളെല്ലാം പോയി മണ്ട മരവിച്ചിരിക്കുകയല്ലേ! 

ഒടുവിൽ രണ്ടും കൽപ്പിച്ച് കട്ടിലിനടിയിൽ തന്നെ അഭയം പ്രാപിക്കാൻ ഉറപ്പിച്ചു.

അപ്പോഴാണ് താഴത്തെ നിലയിൽ നിന്ന് ഒരു വലിയ ബഹളം കേൾക്കുന്നത്. 

ഞാൻ താമസിക്കുന്നത് രണ്ടാം നിലയിലാണ്. താഴെയുള്ള താമസക്കാരെല്ലാം പേടിച്ച് കെട്ടിടത്തിന് പുറത്തേക്ക് ഓടുകയാണ്. 

ആ കൂട്ട പാച്ചിലിന്റെ ആരവമാണ് കേട്ടത്. അതോടെ എനിക്കും ആശ്വാസമായി. 

കൂട്ടത്തിൽ എന്റെ ഒരു ചങ്ങാതിക്ക് പെട്ടെന്ന് ഒരു സന്ദേശമയച്ചു: 

"മോനേ പ്രകാശാ, പണി പാളി എന്ന് തോന്നുന്നു, ഒരു ഭൂകമ്പം!"

 പക്ഷേ, അപ്പുറത്ത് നിന്ന് ഒരു മറുപടിയും വന്നില്ല. ഈ അസമയത്ത് ആരും ഫോണും നോക്കി ഇരിക്കില്ലല്ലോ എന്ന് കരുതി ഞാനും അത് വിട്ടു.

പെട്ടെന്നാണ് എന്റെ ഫോൺ ബെല്ലടിച്ചത്.

നോക്കുമ്പോൾ തൊട്ടടുത്ത മുറിയിലെ താമസക്കാരനാണ്. അവൻ താഴത്തെ നിലയിലാണ്. 

അവിടെ കുഴപ്പമൊന്നുമില്ലെന്ന് അവൻ പരിഭ്രമത്തോടെ പറഞ്ഞു. 

അവന്റെ സംസാരം കേട്ടപ്പോഴേ മനസ്സിലായി, കക്ഷിയുടെയും കിളികളെല്ലാം പണ്ടേ പറന്നുപോയിട്ടുണ്ടെന്ന്. 

വെറുതെ വറചട്ടിയിൽ കിടക്കുന്നവനെ എരിതീയിലേക്ക് തള്ളേണ്ടല്ലോ എന്ന് കരുതി ഞാൻ കൂടുതൽ ഒന്നും പറയാൻ പോയില്ല.

പിന്നെ, അവന് എന്നെക്കുറിച്ച് വലിയ വേവലാതിയൊന്നും ഇല്ലെന്നും എനിക്ക് തോന്നി.

 വൈകുന്നേരം അകത്താക്കിയ 'സാധനത്തിന്റെ' വീര്യം ആവിയായിപ്പോയ ലക്ഷണമുണ്ട്. ശബ്ദമൊന്നും പുറത്തേക്ക് വരുന്നില്ല. 

കിളികൾ പോയ കൂട്ടത്തിൽ അവന്റെ ഉച്ചഭാഷിണിയും കൊണ്ടുപോയി എന്ന് തോന്നുന്നു. പേടിച്ചിട്ടാണ്, അല്ലാതെന്താ! 

എങ്കിലും ഉള്ളിലെ ഭയം പുറത്തുകാണിക്കാതെ ഞാനും അല്പം ഗൌരവത്തിൽ തന്നെ നിന്നു.

നാട്ടിലെന്താണ് അവസ്ഥ എന്നറിയാൻ പെട്ടെന്ന് ടിവി ഓൺ ചെയ്തു വാർത്ത നോക്കി. ദാ കിടക്കുന്നു വെണ്ടയ്ക്ക അക്ഷരങ്ങളിൽ ഫ്ലാഷ് ന്യൂസ്!

"ഡൽഹിയിൽ ശക്തമായ ഭൂചലനം: റിച്ചർ സ്കെയിലിൽ 6 രേഖപ്പെടുത്തി."

പോരേ പൂരം

പിന്നീടാണ് അറിഞ്ഞത്, അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണിതെന്ന്. ഇനി പേടിക്കാനൊന്നുമില്ലെന്ന് വാർത്തയിൽ പറയുന്നുണ്ട്.

 അതുകൊണ്ട് തൽക്കാലം ചാനലുകാരെ വിശ്വസിച്ച് വീണ്ടും കിടക്കാം എന്ന് വിചാരിച്ചു. 

അല്ലാതെ ഇപ്പോൾ വേറെ വഴിയില്ലല്ലോ.

പക്ഷേ, അപ്പോഴും എന്റെ മനസ്സിൽ ഒരു ചോദ്യം ബാക്കിയായിരുന്നു. ഇവർക്കെന്താ ഡൽഹിയിൽ മാത്രമേ ഇത് അറിഞ്ഞുള്ളൂ? ഉത്തരാഖണ്ഡിൽ ഇതൊന്നും ഉണ്ടായില്ലേ? 

ഞാൻ കിടക്കുന്നത് ഈ ഉത്തരാഖണ്ഡിൽ ആണല്ലോ, അപ്പോൾ എനിക്കും ചോദിക്കാൻ അവകാശമില്ലേ? 'വിവരദോഷികൾ' എന്ന് മനസ്സാ പഴിപറഞ്ഞ് ഞാൻ വീണ്ടും കണ്ണുകളടച്ചു.

അപ്പോഴാണ് അടുത്ത പ്രശ്നം. പറന്നുപോയ കിളികളിൽ ചിലതൊക്കെ തിരിച്ചെത്തിയെന്ന് തോന്നുന്നു, 

കൂടെ ഒരു സംശയവും: "ഇനി ഉറങ്ങിക്കഴിഞ്ഞിട്ട് വീണ്ടും കുലുങ്ങിയാലോ? നാളത്തെ പ്രഭാതം ഞാൻ കാണുമോ?"

 ആലോചനകൾ കാടുകയറി, ഉറക്കം എന്നെ അനുഗ്രഹിക്കുന്ന ലക്ഷണമൊന്നും കണ്ടില്ല.

ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. മനസ്സിന് സമാധാനം തരാൻ ഒടുവിൽ ഒരു കാര്യം മാത്രം ചിന്തിച്ചു—ഇൻഷുറൻസ് കമ്പനിക്കാർ ഇപ്പോൾ എനിക്ക് വേണ്ടി ഭക്തിപൂർവ്വം പ്രാർത്ഥിക്കുന്നുണ്ടാവും! 

ഇല്ലെങ്കിൽ അവർ വിവരം അറിയുമല്ലോ. 

അതോടെ ചിന്ത വീണ്ടും വഴിമാറി.

നാളെ ഒരു 'സുപ്രഭാതം' പറയാൻ ഞാൻ ബാക്കിയില്ലെങ്കിൽ എന്റെ ചങ്കുകളായ കൂട്ടുകാരൊക്കെ എന്ത് വിചാരിക്കും?

പിന്നീട് എപ്പോഴോ കണ്ണൊന്നു മയങ്ങി. ആ മയക്കത്തിൽ ഞാനൊരു കാഴ്ച കണ്ടു: ഇൻഷുറൻസ് കമ്പനി ഓഫീസ്! അവിടെയുള്ളവർ ദൈവത്തിന് ഒരു കത്തെഴുതുകയാണ്—ഒരു കാരണവശാലും ഈ കെട്ടിടത്തിലുള്ള ആരെയും ഇപ്പോൾ അങ്ങോട്ട് കൊണ്ടുപോകരുത്’-- എന്ന്. പിന്നേയും കുറെ ആധാരങ്ങളും പേപ്പറുകളുമായി അവിടെ വലിയ കശപിശ നടക്കുന്നു. 

ദൈവവും ചിത്രഗുപ്തനും ഇൻഷുറൻസ് കമ്പനിക്കാരും തമ്മിലാണ് തർക്കം. 

ഒടുവിൽ എനിക്ക് ഒരു കാര്യം ബോധ്യമായി, ഇവർ എന്തൊക്കെയായാലും ഞങ്ങളെ ഇന്ന് രാത്രി യമപുരിയിലേക്ക് വിടില്ല!

 അത്രയും ശക്തമായ തെളിവുകളും പേപ്പറുകളുമാണ് അവർ ചിത്രഗുപ്തന്റെ തടിച്ച പുസ്തകത്തിലേക്ക് തിരുകിക്കയറ്റി വാദിക്കുന്നത്. വാദപ്രതിവാദങ്ങൾ അസാധാരണം വിധം പൊടിപൊടിച്ചു. 

അതോടെ മയക്കം നല്ല കട്ടി ഉറക്കത്തിലേക്ക് വഴിമാറി.

ഏതാണ്ട് പുലർച്ചെ രണ്ട് മണിയായപ്പോൾ ഒരു മുത്തൻ കൊതുക് വന്ന് ചെവിയുടെ അസ്ഥിവാരത്തിൽ ഇരുന്ന് ഭൈരവി പാടാൻ തുടങ്ങി. 

യുദ്ധം കഴിഞ്ഞ് ക്ഷീണിച്ചു കിടക്കുന്ന നേരത്താണ് അവന്റെ ഒരു മൂളിപ്പാട്ട്! ഈ അഞ്ചടി പത്തിഞ്ചുകാരനായ എന്റെ ചോര കുടിക്കാൻ പറ്റാത്തതിന്റെ കലിപ്പ് തീർക്കാൻ  ഉറക്കം കളയാൻ ഇറങ്ങിയിരിക്കുകയാണ് പുള്ളി. 

ഈ കൊതുകിന്റെ ദേഹത്ത് ഏതോ പ്രേതം കൂടീട്ടുണ്ടെന്ന് ഉറപ്പാണ്. ഞാൻ വേഗം കിടന്ന കമ്പിളിപ്പുതപ്പ് തലവഴി മൂടി, കൊതുകിനോട് 'സലാം' പറഞ്ഞ് വീണ്ടും ഉറങ്ങി.

പിന്നെ ദാ... അലാറം 

ഫോണിൽ നിന്ന് നിർത്താതെയുള്ള ഒച്ചപ്പാട്!

അലാറം എന്ന വിദ്യ കണ്ടുപിടിച്ചവനെ സ്മരിച്ചുകൊണ്ട് അത് ഓഫാക്കി.  ഞാൻ തന്നെ വെച്ച അലാറമാണ്, എന്ത് ചെയ്യാൻ! 

ഞാനങ്ങാനും ഒരു മന്ത്രിയായാൽ ആദ്യം നിരോധിക്കുക ഈ അലാറം ആയിരിക്കും എന്ന് മനസ്സാ പ്രതിജ്ഞയെടുത്തു. അലാറം അടിച്ച് ഉണർന്ന്, അത് ഓഫ് ചെയ്തിട്ട് പിന്നെയൊരു കിടപ്പുണ്ടല്ലോ... ആ സുഖം ഉണ്ടല്ലോ എന്റെ സാറേ, അത് വേറെ ഒന്നിനും കിട്ടില്ല!

പക്ഷേ, രാത്രിയിലെ ഭൂകമ്പത്തിന്റെ കാര്യം പെട്ടെന്ന് ഓർമ്മ വന്നപ്പോൾ ഞാൻ ചാടിയെഴുന്നേറ്റ് പുറത്തേക്കോടി.

താഴത്തെ നിലയിലെത്തിയപ്പോൾ ദാ വരുന്നു എന്റെ പ്രകാശൻ! മുഖം കണ്ടാൽ കടന്നൽ കുത്തിയതുപോലെ ഇരിക്കുന്നു.

 ആകെ വീർപ്പിച്ചു കെട്ടി ഒരു വരുവാണ് കക്ഷി. ഞാൻ രാത്രി സന്ദേശമയച്ച ആളാണ്. മറുപടി തരാത്തതിൽ എനിക്ക് പരിഭവമൊന്നും ഉണ്ടായിരുന്നില്ല.

 എങ്കിലും ഇന്നലത്തെ വിശേഷം ഒന്ന് ചോദിക്കാമല്ലോ എന്ന് കരുതി ഞാൻ അടുത്തുചെന്നു: "എന്തൂട്ടാ പ്രകാശാ, ഇന്നലത്തെ ഭൂകമ്പം നീയറിഞ്ഞില്ലേ?"

അവൻ എന്നെ ഒന്നുതുറിച്ച് നോക്കി. എന്നിട്ട് അവൻ പറഞ്ഞ കഥ കേട്ടപ്പോൾ എന്റെ കിളികൾ മാത്രമല്ല, ഉള്ളിലെ സർവ്വ ചരാചരങ്ങളും പാറിപ്പോയ അവസ്ഥയായി!

ഇന്നലെ രാത്രി അവനും വേറെ മൂന്ന് കൂട്ടുകാരും കൂടിയാണ് ഒരേ മുറിയിൽ കിടന്നിരുന്നത്. വൈകുന്നേരം മൂന്നുപേരും കൂടി ചെറിയൊരു 'സഭാകൂടൽ' ഒക്കെ നടത്തിയിട്ടുണ്ടായിരുന്നു. ചങ്കുകൾ എന്ന് പറഞ്ഞാൽ പോരാ,  കരള് ഒന്നായ കട്ട ചങ്കുകളാണെന്നാണ് ഭാവം. ഭൂമി കുലുങ്ങുന്ന നേരത്ത് നമ്മുടെ പ്രകാശൻ നല്ല ആഴത്തിലുള്ള ഉറക്കത്തിലായിരുന്നു. അവൻ ഈ ബഹളമൊന്നും അറിഞ്ഞതേയില്ല. കൂടെയുള്ളവർ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ഭൂമി കുലുങ്ങിയതും അവർ നാലുപാടും നോക്കാതെ പുറത്തേക്ക് ഒരൊറ്റ ഓട്ടം! ഓടുന്നതിന് മുൻപ് പ്രകാശനെ നോക്കിയപ്പോൾ അവൻ സുഖമായി ഉറങ്ങുകയാണ്. അതുകൊണ്ട് അവർ അവനെ വിളിച്ചില്ലത്രേ! പോരേ പൂരം?

ഭൂമി കുലുങ്ങുമ്പോൾ ഉറക്കം കളയണോ അതോ ജീവൻ രക്ഷിക്കണോ എന്ന ചോദ്യത്തിന്, അവർ അവന്റെ 'ഉറക്കത്തിന്' മുൻതൂക്കം നൽകി!

രാവിലെ എഴുന്നേറ്റ് എന്റെ മെസ്സേജ് കണ്ടപ്പോഴാണ് പ്രകാശൻ ഇങ്ങനെ ഒരു ഭൂകമ്പം ഉണ്ടായ വിവരം അറിയുന്നത് തന്നെ. ഈ വിശേഷം ബാക്കിയുള്ളവരെ അറിയിക്കാൻ വേണ്ടി, ഏഴു മണിക്ക് എഴുന്നേൽക്കുന്ന മറ്റേ രണ്ടിണ്ണങ്ങളെയും അവൻ തട്ടിയുണർത്തി. കാര്യം അറിഞ്ഞ സന്തോഷത്തിൽ പറയുകയാണ്. അപ്പോഴല്ലേ കളി മാറിയത്! ഉറക്കം കെട്ട ഭ്രാന്തിൽ നേരം വെളുക്കുമ്പോൾ തന്നെ അവിടെയും ഇവിടെയും തൊടാത്ത നല്ല ഒന്നാന്തരം തെറികളാണ് അവർ പ്രകാശന് വിളമ്പിയത്.

അവൻ കാര്യം ഗൌരവമായി പറഞ്ഞപ്പോൾ കൂട്ടത്തിൽ ഒരുത്തൻ കൂളായി പറയുകയാണ്:  "അതേടാ, ഞങ്ങളൊക്കെ പേടിച്ച് പുറത്തേക്ക് ഓടി. നീ നല്ല ഉറക്കത്തിലായതോണ്ട് നിന്റെ ഉറക്കം കളയണ്ട എന്ന് കരുതി വിളിക്കാഞ്ഞതാ!"

അതോടെ പ്രകാശന്റെ ഉള്ളിലെ ബാക്കി കിളികളും പറന്നുപോയി. ആകെ കാറ്റുപോയ ബലൂൺ പോലെ വരികയാണ് കക്ഷി. മുന്നിൽ പെട്ടത് ഞാനും.

കേട്ടപ്പോൾ എന്റെ നാവിൽ നിന്നും അറിയാതെ വീണുപോയി:  "ഉം... നല്ല കട്ടച്ചങ്ക് ഫ്രണ്ട്സ്!"

അവനെ ആശ്വസിപ്പിക്കാൻ ഞാൻ പറഞ്ഞു: "അത് സാരമില്ലെടാ, പോട്ടെ..."

അവൻ എന്നോട് നേരിട്ട് പറഞ്ഞില്ലെങ്കിലും, അവന്റെ ആത്മഗതം കാറ്റിൽ പറക്കുന്നുണ്ടായിരുന്നു:  "അതേടാ, എന്റെയല്ലേ ജീവൻ... അവന്മാർക്ക് എന്താ!"

പിന്നെയും അവൻ മനസ്സിൽ എന്തൊക്കെയോ തെറികൾ ഉരുവിടുന്നുണ്ടായിരുന്നു. കൂടുതൽ കേൾക്കാൻ നിൽക്കാതെ ഞാൻ അവിടുന്ന് വേഗം മുങ്ങി.

എന്നിട്ടിപ്പോൾ ഞാൻ ഇതാ സുഖമായി ദോശയും സാമ്പാറും കഴിച്ച് ഇവിടെ ഇരിക്കുന്നു.

ഭക്ഷണം മെസ്സിൽ നിന്നയതുകൊണ്ട്  വേറെ വഴിയില്ലല്ലോ..അവിടെ ഇരുന്ന് ദോശ കഴിക്കുമ്പോഴും പ്രകാശിൻ്റെ  കാര്യം ആണ് മനസിൽ. 

റൂമിൽ വന്ന് പതിവുപോലെ  എല്ലാവർക്കും സുപ്രഭാതം എഴുതുമ്പോൾ ഞാൻ ചിന്തിക്കുകയാണ്—ഇൻഷുറൻസ് കമ്പനിക്കാർ എനിക്ക് വേണ്ടി ദൈവത്തോട് നടത്തിയ ആ വാദപ്രതിവാദങ്ങൾ ആരും കേട്ടില്ലല്ലോ, അല്ലേ? എന്ന്. 

എന്തായാലും, ഒരു സുപ്രഭാതം കൂടി കാണാൻ കഴിഞ്ഞത് വലിയൊരു സൌഭാഗ്യം തന്നെ. 

അല്ലാതെന്താ പറയാൻ!

എല്ലാവർക്കും ഹൃദയം നിറഞ്ഞ സുപ്രഭാതം! എന്ന് നേർന്ന് കൊണ്ട് ഞാൻ വാട്സ്ആപ്പ് അടച്ചു വെച്ചു. 


ശുഭം 

സജീവൻ 

22.03.2023

No comments: