Tuesday, July 21, 2026

കാത്തിരിപ്പിന്റെ ഒരു നീലപ്പൂവ്

കാത്തിരിപ്പിന്റെ ഒരു നീലപ്പൂവ്

മേശപ്പുറത്തിരുന്ന മൊബൈൽ ഫോൺ തുടർച്ചയായി ശബ്ദിച്ചുകൊണ്ടിരുന്നപ്പോഴാണ് പ്രകാശ് ജനൽപ്പാളിയിലൂടെ പുറത്തേക്കു നോക്കിയത്.

ഇടവം പെയ്തു തുടങ്ങിയിരിക്കുന്നു. ജനൽക്കമ്പിയിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികൾക്ക് അയാളുടെ ഓർമ്മകളെ മുപ്പതു വർഷം പിന്നിലേക്ക് ഒഴുക്കിക്കൊണ്ടുപോകാനുള്ള ശക്തിയുണ്ടായിരുന്നു.

ഹൈസ്കൂൾ ക്ലാസിലെ ആ പഴയ തടിബെഞ്ച്…

അതിന്റെ അറ്റത്തിരുന്ന്, അധ്യാപകൻ കാണാതെ തനിക്ക് നേരെ നീണ്ടിരുന്ന ഷീലയുടെ കൈകൾ. അവൾ എഴുതുന്ന കവിതകളുടെ ആദ്യ വായനക്കാരൻ പ്രകാശായിരുന്നു.

പിന്നീട് നാട്ടിലെ ആ പഴയ കോളേജ് കാമ്പസിലേക്ക് വളർന്നപ്പോഴും അവരുടെ ലോകം ആ തണൽമരച്ചുവടുകളിൽ ഒതുങ്ങിനിന്നു. അവൾ കവിതകൾ എഴുതുമ്പോൾ പ്രകാശ് അവളുടെ മുഖത്തെ ഭാവങ്ങൾ നോക്കിയിരുന്നു. അവൾക്കൊപ്പം നടക്കുമ്പോൾ ദാരിദ്ര്യം നിറഞ്ഞ തന്റെ വീടും, കീറിയ പോക്കറ്റും അയാൾ മറന്നു. അവൾ പ്രകാശിന് വെറുമൊരു പ്രണയിനിയായിരുന്നില്ല, ജീവനായിരുന്നു.

പക്ഷേ,

ദാരിദ്ര്യത്തിന് പ്രണയത്തെ തോൽപ്പിക്കാൻ വലിയ പാടില്ലായിരുന്നു.

ഷീലയുടെ അച്ഛൻ ദാസിന്റെ ശാഠ്യങ്ങൾക്കും കർക്കശ നിലപാടുകൾക്കും മുന്നിൽ പ്രകാശിന്റെ സാമ്പത്തിക പരാധീനതകൾ ഒരു വലിയ ചുവരകൾ തീർത്തു. ഒടുവിൽ, കണ്ണീരോടെ മറ്റൊരു വിവാഹത്തിന് അവൾ നിർബന്ധിതയായി.അന്ന് തോറ്റുപോയതാണ് പ്രകാശ്. ആ തോൽവിക്ക് ശേഷം മറ്റൊരാളെ ആ ജീവിതത്തിലേക്ക് ക്ഷണിക്കാൻ അയാളുടെ മനസ്സ് അനുവദിച്ചില്ല. ഷീലയെന്ന ഓർമ്മയെ നെഞ്ചിൽ താലോലിച്ച്, അയാൾ തനിച്ചൊരു തടവുകാരനെപ്പോലെ ജീവിച്ചു തീർത്തു.

വർഷങ്ങൾക്കൊഴിഞ്ഞിരിക്കുന്നു.  പ്രകാശിന് പ്രായം 53 കഴിഞ്ഞിരിക്കുന്നു. തലമുടിയിൽ നര പടർന്നു കഴിഞ്ഞു. ജീവിതം അതിന്റെ ഏകതാനതയോടെ മുന്നോട്ട് പോകുമ്പോഴാണ് കഴിഞ്ഞ ആഴ്ച പഴയ കോളേജ് കൂട്ടുകാർ ചേർന്ന് ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയത്.

ഗ്രൂപ്പിലെ ഫോട്ടോകളിലൂടെയും മെസ്സേജുകളിലൂടെയും വിരലോടിക്കുമ്പോൾ അയാളുടെ വിരലുകൾ പെട്ടെന്ന് ഒരിടത്ത് അസ്തമിച്ചു.


 ഷീല ദാസ് !!  30  വർഷങ്ങൾക്ക് ശേഷം ആ പേര് വീണ്ടും കണ്ണിൽ പതിഞ്ഞപ്പോൾ പ്രകാശിന്റെ നെഞ്ച് ദ്രുതഗതിയിൽ മിടിക്കാൻ തുടങ്ങി. പ്രൊഫൈൽ ചിത്രത്തിൽ നോക്കി അയാൾ എത്രയോ സമയം ഇരുന്നു. അവളുടെ ആ പഴയ ചിരിയുടെ തിളക്കം കുറഞ്ഞിരിക്കുന്നു, കണ്ണുകളിൽ പ്രൗഢിയും ഒപ്പം ഒരു ശാന്തതയും നിറഞ്ഞിരിക്കുന്നു. അവൾ വിവാഹിതയാണ്, ഇപ്പോൾ ഒരു മകളുടെ അമ്മയാണ്.അവളെ ഒന്ന് കാണണം എന്ന ആഗ്രഹം അയാളിൽ പടർന്നു പിടിക്കാൻ അധികം സമയം വേണ്ടി വന്നില്ല.

അടുത്ത വർഷം പ്രകാശിന് 54 വയസ്സ് തികയും. ആയുസ്സിന്റെ ഭൂരിഭാഗവും ഓർമ്മകളിൽ ജീവിച്ചു തീർത്ത അയാൾക്ക് ഇപ്പോൾ അവളോട് സംസാരിക്കാനോ, പഴയ കാര്യങ്ങൾ ഓർമ്മിപ്പിക്കാനോ ഒരു താല്പര്യവുമില്ല. അവൾ സുരക്ഷിതമായി, സമാധാനത്തോടെ ജീവിക്കുന്ന ആ ലോകം തകർക്കാൻ അയാൾ ആഗ്രഹിക്കുന്നില്ല.അയാൾക്ക് ഒരേയൊരു കാര്യം മാത്രം മതി.

ദൂരെ നിന്നൊന്ന് കാണണം… അവൾ കാണാതെ, അറിയാതെ… ഒന്നും മിണ്ടാനില്ലാതെ… ഒരൊറ്റ നിമിഷം!"

വിവാഹിതയും ഒരു മകളുടെ അമ്മയുമായ അവളിൽ നിന്ന് അതിൽ കൂടുതൽ മറ്റൊന്നും ആഗ്രഹിക്കാനുള്ള അർഹത തനിക്കില്ലെന്ന് അയാൾക്ക് നന്നായി അറിയാമായിരുന്നു.അങ്ങനെ ഒരു വൈകുന്നേരം, അവൾ താമസിക്കുന്ന നഗരത്തിലെ ആ തിരക്കേറിയ തെരുവോരത്ത് പ്രകാശ് വണ്ടി ഒതുക്കി നിർത്തി. കാറിന്റെ ഗ്ലാസ് പകുതി താഴ്ത്തി അയാൾ പുറത്തേക്ക് നോക്കിയിരുന്നു. മഴ പെയ്തു തോർന്ന ആ വൈകുന്നേരത്ത്, ഒരു സൂപ്പർമാർക്കറ്റിൽ നിന്നും മകൾക്കൊപ്പം ചിരിച്ചു സംസാരിച്ച് പുറത്തേക്ക് വരുന്ന ഷീലയെ അയാൾ കണ്ടു.മകളുടെ കൈകൾ ചേർത്തുപിടിച്ച് റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്ന അവൾ. പ്രകാശിന്റെ ഹൃദയം ഒരു നിമിഷം നിലച്ചുപോയതുപോലെ തോന്നി. വരിഞ്ഞു മുറുക്കിയ വേദനകൾക്കിടയിലും അവളുടെ മുഖത്ത് ആ പഴയ കവയിത്രിയുടെ ആർദ്രത ബാക്കിയുണ്ടായിരുന്നു.

അവൾ നോക്കാതിരിക്കാൻ അയാൾ കാറിന്റെ നിഴലിലേക്ക് അല്പം കൂടി ഒതുങ്ങിയിരുന്നു. അവൾ അയാളുടെ വണ്ടിയെ കടന്നുപോയി. അവൾ അറിഞ്ഞതേയില്ല, തൊട്ടടുത്ത് മുപ്പത് വർഷമായി തനിക്കായി മാത്രം ജീവിക്കുന്ന ഒരു ഹൃദയമുണ്ടായിരുന്നു എന്ന്.

ഒരു കാറ്റ് വന്ന് പ്രകാശിന്റെ മുഖത്ത് തൊട്ടു. അയാൾ കണ്ണുകൾ അടച്ചു. ആ ഒരൊറ്റ നിമിഷം കൊണ്ട് അയാളുടെ 54 വർഷത്തെ ജീവിതം ധന്യമായതുപോലെ തോന്നി. വണ്ടി മുന്നോട്ട് എടുക്കുമ്പോൾ പ്രകാശിന്റെ ചുണ്ടിൽ ഒരു ചെറിയ ചിരിയുണ്ടായിരുന്നു…

കോളേജ് ഗ്രൂപ്പ് സജീവമായതോടെ പ്രകാശിന്റെ ദിനചര്യകൾക്ക് ഒരു പുതിയ താളം കൈവന്നു. ഗ്രൂപ്പിൽ വരുന്ന നൂറുകണക്കിന് മെസ്സേജുകൾക്കിടയിലൂടെ അയാളുടെ കണ്ണുകൾ എപ്പോഴും തിരഞ്ഞത് ഒരേയൊരു പേര് മാത്രമായിരുന്നു.ഒരു ഞായറാഴ്ച പുലർച്ചെയാണ് ഗ്രൂപ്പിൽ ആ മെസ്സേജ് വന്നത്.

"വർഷങ്ങൾക്ക് ശേഷം മനസ്സിൽ വീണ ചില വരികൾ... കൂട്ടുകാർക്കായി പങ്കുവെക്കുന്നു." — ഷീല ദാസ്.

താഴെ ഒരു കവിതയുടെ ചിത്രം. നീല മഷിയിൽ, റൂൾ ചെയ്ത പേപ്പറിൽ എഴുതിയ വരികൾ.

ആ കൈയക്ഷരം കണ്ടപ്പോൾത്തന്നെ പ്രകാശിന്റെ ഉള്ളിൽ ഒരു മിന്നൽ പാഞ്ഞുപോയി. ഹൃദയത്തിന്റെ താളം തെറ്റിച്ചുകൊണ്ട് അയാൾ ആ വരികൾ ഓരോന്നായി വായിച്ചു.

"പെയ്തു തോരാത്ത മഴയുടെ ഓർമ്മയ്ക്ക്,

മാഞ്ഞുപോകാത്ത കാൽപ്പാടുകൾ നൽകിയവന്,

ഇന്നും തുറന്നിട്ട ജാലകപ്പടിയിൽ,

കാത്തിരിപ്പിന്റെ ഒരു നീലപ്പൂവ് ബാക്കിയുണ്ട്..."

ഗ്രൂപ്പിൽ പെട്ടെന്ന് തന്നെ അഭിനന്ദനങ്ങളുടെ പ്രവാഹമുണ്ടായി. "അസ്സലായി ഷീലാ...", "നമ്മുടെ പഴയ കവയിത്രി തിരിച്ചുവന്നല്ലോ!", "വലിയൊരു എഴുത്തുകാരിയാകേണ്ടവളായിരുന്നു നീ..." എന്നിങ്ങനെ കൂട്ടുകാർ മാറി മാറി കമന്റുകൾ ഇട്ടു.

എന്നാൽ ഈ പുകഴ്ത്തലുകൾക്കിടയിലൊന്നും ഷീലയുടെ മനസ്സ് ഉണ്ടായിരുന്നില്ല. ഓരോ പുതിയ നോട്ടിഫിക്കേഷൻ വരുമ്പോഴും അവൾ ഫോൺ എടുത്തു നോക്കിക്കൊണ്ടിരുന്നു. അവളുടെ വിരലുകൾ തിരഞ്ഞത് മറ്റൊരാളെയായിരുന്നു.

'പ്രകാശ്'

അയാൾ ഗ്രൂപ്പിലുണ്ടെന്ന് അവൾക്ക് അറിയാമായിരുന്നു. അയാൾ ഇത് വായിച്ചോ? എന്താണ് ഒന്നും മിണ്ടാത്തത്?മറ്റെല്ലാവരുടെയും വരികൾക്ക് നടുവിലും പ്രകാശിന്റെ മൗനം അവളെ അസ്വസ്ഥയാക്കി. കാരണം, പണ്ട് കോളേജ് കാമ്പസിലെ ആ തണൽമരച്ചുവട്ടിൽ വെച്ച് അവൾ എഴുതിയ വരികൾക്ക് അയാൾ തരുന്ന ആ ചെറിയ പുഞ്ചിരിയായിരുന്നു അവളുടെ ഏറ്റവും വലിയ പുരസ്കാരം. മുപ്പത് വർഷങ്ങൾക്ക് ശേഷവും, ഒരു ലോകം മുഴുവൻ പുകഴ്ത്തുമ്പോഴും അവൾ കാത്തിരുന്നത് ആ പഴയ 'ആദ്യ വായനക്കാരന്റെ' ഒരൊറ്റ വാക്കിന് വേണ്ടിയായിരുന്നു.

ഗ്രൂപ്പിലെ ചർച്ചകളെല്ലാം കണ്ട് പ്രകാശ് ഫോണും പിടിച്ച് ജനലരികിൽത്തന്നെ ഇരുന്നു. അവളുടെ വരികൾ അയാളുടെ നെഞ്ചിൽ തുളച്ചുകയറുകയായിരുന്നു. അവൾ അത് ആർക്കുവേണ്ടിയാണ് എഴുതിയതെന്ന് അയാൾക്ക് മാത്രം മനസ്സിലാകുന്ന രഹസ്യഭാഷയായിരുന്നു അത്.മറുപടി എഴുതാൻ അയാൾ പലവട്ടം ടൈപ്പ് ചെയ്തു:

"വളരെ നന്നായിട്ടുണ്ട് ഷീലാ..."

പക്ഷേ, വിരലുകൾക്ക് ജീവനില്ലാത്തതുപോലെ തോന്നി. താൻ ഒരു കമന്റ് ഇട്ടാൽ അത് മറ്റുള്ളവർ എങ്ങനെ എടുക്കും?

അവളുടെ കുടുംബജീവിതത്തെ അത് ബാധിക്കുമോ? ഒരു മകളുടെ അമ്മയായ അവളുടെ സമാധാനം കെടുത്താൻ തനിക്കെന്ത് അർഹതയുണ്ട്?ഒരുപാട് ആലോചനകൾക്കൊടുവിൽ, ഒരു സാധാരണ സുഹൃത്തിനെപ്പോലെ അയാൾ ആ കവിതയ്ക്ക് താഴെ ഒരു ചെറിയ 'ലൈക്ക്'  മാത്രം നൽകി. വാക്കുകളില്ലാത്ത, ഒരു നിശബ്ദമായ അംഗീകാരം.

അപ്പുറത്ത്, ഫോണിലേക്ക് കണ്ണുനട്ടിരുന്ന ഷീലയുടെ ഉള്ളിൽ ആ നിമിഷം ഒരു കടൽ ഇരമ്പി. പ്രകാശിന്റെ ആ ഒരു നീല 💙ലൈക്ക് അടയാളം കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾക്ക് മനസ്സിലായി, അയാൾ വരികൾ വായിച്ചു എന്ന് മാത്രമല്ല, അതിലെ ഓരോ അക്ഷരവും ഉൾക്കൊണ്ടിരിക്കുന്നു എന്ന്.

അവൾ പതുക്കെ ആ പ്രൊഫൈൽ ചിത്രത്തിലേക്ക് വിരൽ തൊട്ടു. നരച്ച മുടിയും കണ്ണടയുമുള്ള പ്രകാശ്. അവൾ ഓർത്തു വെച്ചിരുന്ന ആ പഴയ കോളേജ് കുമാരനായിരുന്നില്ല അത്.

കാലം അയാളെയും ഒരുപാട് മാറ്റിമറിച്ചിരിക്കുന്നു. എങ്കിലും ആ കണ്ണുകളിലെ ആർദ്രതയ്ക്ക് ഒരു മാറ്റവുമില്ലായിരുന്നു.

ഷീലയുടെ ഭർത്താവ് ജോലി ആവശ്യങ്ങൾക്കായി എപ്പോഴും യാത്രകളിലായിരുന്നു.

കോളേജ് കഴിഞ്ഞയുടൻ അച്ഛന്റെ ശാഠ്യങ്ങൾക്ക് വഴങ്ങി ജീവിക്കേണ്ടി വന്നപ്പോൾ, കവിതയും സാഹിത്യവുമെല്ലാം അവൾക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. മകൾ വളർന്നു വലുതായതോടെ ഉണ്ടായ ഒറ്റപ്പെടലിലാണ് അവൾ വീണ്ടും എഴുത്തിലേക്ക് തിരിഞ്ഞത്.

സത്യത്തിൽ അവളും ആ ഓർമ്മകൾക്കായി കാത്തിരിക്കുകയായിരുന്നു. പ്രകാശ് വിവാഹം കഴിക്കാതെ തനിച്ചാണ് ജീവിക്കുന്നതെന്ന സത്യം മറ്റൊരു കൂട്ടുകാരൻ വഴി അവൾ അറിഞ്ഞിരുന്നു. താൻ കാരണം ഒരു മനുഷ്യന്റെ ജീവിതം ശൂന്യമായിപ്പോയല്ലോ എന്ന നീറ്റൽ അവളെ എപ്പോഴും വേട്ടയാടി.

അതുകൊണ്ട് തന്നെയാണ് അവൾ വീണ്ടും എഴുതിയത്. ആ വരികളിലൂടെ പ്രകാശിനോട് മാപ്പ് ചോദിക്കുകയായിരുന്നു അവൾ. ഇപ്പോൾ ഇരുവരും പരസ്പരം ഒന്നും മിണ്ടുന്നില്ല. നേരിട്ട് ഒരു മെസ്സേജ് അയക്കുന്നുമില്ല. പക്ഷേ, ആ ആഴ്ചകളിൽ ഗ്രൂപ്പിൽ വന്ന ഓരോ കവിതയും അവർക്കിടയിലെ രഹസ്യപ്പാലമായി മാറി.

അവൾ എഴുതിക്കൊണ്ടേയിരുന്നു... പ്രകാശ് അത് വായിച്ച്, ആരും കാണാതെ നെഞ്ചിൽ ചേർത്തുവെച്ചുകൊണ്ട് ഒരു നിഴലായി കൂടെ നടന്നു. താൻ ദൂരെ നിന്ന് ഒരു നിമിഷം അവളെ കണ്ട കാര്യം പ്രകാശ് ഗ്രൂപ്പിൽ പറഞ്ഞതേയില്ല. കാരണം, ആ ഒരൊറ്റ നോട്ടത്തിന്റെ ഓർമ്മയിൽ ബാക്കി ജീവിതം മുഴുവൻ ജീവിച്ചുതീർക്കാനുള്ള പ്രകാശം അയാൾക്ക് ലഭിച്ചുകഴിഞ്ഞിരുന്നു. ഒന്നിനും ഒന്നിനും വേണ്ടിയല്ലാതെ, ഒടുവിലത്തെ ശ്വാസം വരെ കാത്തുസൂക്ഷിക്കാൻ മാത്രമുള്ളൊരു പ്രണയം.

മഴ നനഞ്ഞ ആ വൈകുന്നേരം പ്രകാശ് ഒരിക്കലും മറക്കില്ല. നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി, കാമ്പസ് കാലത്തെ അനുസ്മരിപ്പിക്കുന്ന ആ പഴയ ലൈബ്രറി കോമ്പൗണ്ടിൽ അയാൾ കാർ ഒതുക്കി. വണ്ടിയിൽ നിന്നിറങ്ങി കുട നിവർത്തുമ്പോഴാണ് തൊട്ടടുത്ത കോഫി ഷോപ്പിന്റെ വരാന്തയിൽ ആ മുഖം അയാൾ കണ്ടത്.

ഷീല! അവൾ തനിച്ചായിരുന്നു. കയ്യിലൊരു പുസ്തകവും ചൂടു കാപ്പിയുമായി ജനലിലൂടെ പുറത്തെ മഴ നോക്കി ഇരിക്കുകയാണ്. ഗ്രൂപ്പിലെ ലൈക്കുകൾക്കും മൗനങ്ങൾക്കും അപ്പുറം, മുപ്പത് വർഷങ്ങൾക്ക് ശേഷം അവളെ ഇത്രയും അരികിൽ കണ്ടപ്പോൾ പ്രകാശിന്റെ കാലുകൾ ഒരു നിമിഷം തറഞ്ഞുപോയി. തിരിഞ്ഞു നടക്കണോ എന്ന് അയാൾ ആലോചിച്ചു. എന്നാൽ ഇത്തവണ അവളുടെ കണ്ണുകൾ പ്രകാശിലേക്ക് നീണ്ടു. ആ നോട്ടത്തിൽ പരിഭ്രമമില്ലായിരുന്നു, പകരം വർഷങ്ങളായി കാത്തിരുന്ന ഒരാളെ കണ്ടുമുട്ടിയപ്പോഴുണ്ടാകുന്ന ഒരു ശാന്തതയുണ്ടായിരുന്നു.

അവൾ പതുക്കെ എഴുന്നേറ്റ്, ജനൽ ഗ്ലാസിനിടയിലൂടെ അയാളെ നോക്കി പുഞ്ചിരിച്ചു...

ഒപ്പം അകത്തേക്ക് വരാൻ കൈകൊണ്ട് ആംഗ്യവും കാണിച്ചു.

അകലം മുറിച്ചുകടക്കാൻ പ്രകാശിന് ആ ഒരു പുഞ്ചിരി മാത്രം മതിയായിരുന്നു.

അവർ നേർക്കുനേർ ഇരുന്നു. മുപ്പത് വർഷത്തെ നീണ്ട മൗനം ആ മേശപ്പുറത്ത് ഒരൊറ്റ നിമിഷം കൊണ്ട് ഉരുകിത്തീർന്നു.

"സുഖമാണോ പ്രകാശ്?" — ഷീലയാണ് ആദ്യം മിണ്ടിയത്. അവളുടെ ശബ്ദത്തിന് ആ പഴയ കൗമാരക്കാരിയുടെ ഈണമുണ്ടായിരുന്നു."സുഖം... നീ സുഖമായിരിക്കുന്നല്ലോ, അല്ലേ?" പ്രകാശ് പതുക്കെ ചോദിച്ചു.

"ഉം..." അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി നെടുവീർപ്പിട്ടു. "പക്ഷേ, ആ പഴയ ഷീല മരിച്ചിരുന്നു പ്രകാശ്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മറ്റൊരു ജീവിതത്തിലേക്ക് പോയപ്പോൾ കവിതയും എഴുത്തും ഒപ്പം എന്റെ സന്തോഷങ്ങളും ഞാൻ ഉപേക്ഷിച്ചിരുന്നു. ഒരു കടമ പോലെ ജീവിച്ചു തീർക്കുകയായിരുന്നു. മകൾ വളർന്ന് കോളേജിലായപ്പോഴാണ് ഞാൻ വീണ്ടും ഒറ്റപ്പെട്ടത്. ആ ഒറ്റപ്പെടലിലാണ് ഞാൻ വീണ്ടും പേനയെടുത്തത്. ഗ്രൂപ്പിൽ ഞാൻ എഴുതിയ കവിതകളെല്ലാം... അത്..."

അവൾ വാക്കുകൾ പൂർത്തിയാക്കിയില്ല. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

പ്രകാശ് അവളുടെ കൈകളിൽ തൊട്ടില്ല, അവളെ ആശ്വസിപ്പിക്കാൻ പരിധികൾ ലംഘിച്ചതുമില്ല. എന്നാൽ അയാളുടെ നോട്ടത്തിൽ അവൾക്ക് താങ്ങാകാൻ പോന്നൊരു ആർദ്രതയുണ്ടായിരുന്നു.

"എനിക്കറിയാം ഷീലാ..." പ്രകാശ് ശാന്തമായി പറഞ്ഞു. "നീ അന്ന് പോയപ്പോൾ എന്റെ ജീവിതം അവിടെ അവസാനിച്ചെന്നാണ് ഞാൻ കരുതിയത്. അതുകൊണ്ടാണ് ഞാൻ മറ്റൊരാളെ വിവാഹം കഴിക്കാതിരുന്നതും. പക്ഷേ, നീ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് കരുതിയാണ് ഞാൻ ഇത്രയും കാലം സ്വയം ആശ്വസിച്ചത്. കഴിഞ്ഞ ദിവസം ഞാൻ നിന്നെ നിന്റെ മകൾക്കൊപ്പം ദൂരെ ഒരിടത്ത് വെച്ച് കണ്ടിരുന്നു. നീ കാണാതെ...

അറിയാതെ. അന്ന് നിന്റെ മുഖത്തെ ആ ചിരി കണ്ടപ്പോൾ എന്റെ 53 വർഷത്തെ ജീവിതം സഫലമായതുപോലെ തോന്നി"

പ്രകാശിന്റെ വാക്കുകൾ കേട്ട് ഷീല ഒരു നിമിഷം സ്തബ്ധയായി. തനിക്ക് വേണ്ടി മാത്രം ജീവിതം മാറ്റിവെച്ച ഈ മനുഷ്യന്റെ സ്നേഹത്തിന് മുന്നിൽ അവളുടെ കണ്ണീർ തുള്ളികൾ കാപ്പി കപ്പിലേക്ക് ഇറ്റുവീണു. "എനിക്ക് മാപ്പ് തരാൻ നിനക്കാവുമോ പ്രകാശ്? ഞാൻ കാരണം...".

"ഇല്ല ഷീലാ..." പ്രകാശ് അവളെ തടഞ്ഞു.

"നമ്മൾ ഒഴുക്കിനെതിരെ നീന്താൻ കെൽപ്പില്ലാത്ത രണ്ടു മനുഷ്യരായിരുന്നു. അതിൽ ആരും കുറ്റക്കാരല്ല. നീ തളരരുത്. നിന്റെ കവിതകൾ ഇനിയും വരണം. നിന്റെ വരികൾ വായിക്കാൻ ഇപ്പോഴും ആ പഴയ ഒന്നാം ബെഞ്ചുകാരൻ കാത്തിരിപ്പുണ്ട്."

ആ കൂടിക്കാഴ്ച അവരുടെ ഉള്ളിലെ എല്ലാ ഭാരങ്ങളും ഇറക്കിവെക്കാൻ സഹായിച്ചു. നഷ്ടബോധത്തിന്റെ കരിനിഴലിൽ നിന്ന് അവർ രണ്ടുപേരും ഒടുവിൽ മോചിതരായി.

അവർ പരിധികൾ ലംഘിച്ചില്ല. പരസ്പരം കുടുംബജീവിതത്തെയോ വ്യക്തിസ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന ഒന്നും തന്നെ അവർക്കിടയിൽ ഉണ്ടായില്ല. എന്നാൽ, അവർ നല്ല സുഹൃത്തുക്കളായി മാറി.

ഇപ്പോൾ, ഷീലയ്ക്ക് എന്തെങ്കിലും സങ്കടമോ പുതിയൊരു കവിതയുടെ വരികളോ ഉണ്ടായാൽ അവൾ ആദ്യം വിളിക്കുന്നത് പ്രകാശിനെയാണ്. പ്രകാശിന് തന്റെ ഏകാന്തതകളിൽ താങ്ങായി അവളുടെ അദൃശ്യമായ സാമീപ്യമുണ്ട്.

ലോകം അവരെ പഴയ കാമുകീ-കാമുകന്മാർ എന്ന് വിളിച്ചേക്കാം, എന്നാൽ അവർക്കിടയിലുള്ളത് പ്രണയത്തിനും അപ്പുറം പരസ്പരം താങ്ങായി നിൽക്കുന്ന രണ്ട് ആത്മാക്കളുടെ ആഴമേറിയ സൗഹൃദമായിരുന്നു.

ഒരു 54-ാം വയസ്സിൽ, ജീവിതത്തിന്റെ സായന്തനത്തിൽ, അവർക്ക് പരസ്പരം നഷ്ടപ്പെട്ട പ്രണയത്തെയോർത്ത് സങ്കടമില്ലായിരുന്നു. കാരണം, അവർക്കിടയിലെ അകലം കുറഞ്ഞിരുന്നു... പരിധികളുടെ വേലിക്കെട്ടുകൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ, ഒരാൾക്ക് ഒരാൾ എന്നും ഒരു വലിയ താങ്ങായി അവർ മാറി.പെയ്തു തോർന്ന മഴയ്ക്ക് ശേഷം ആകാശത്ത് തെളിഞ്ഞ സന്ധ്യാനക്ഷത്രത്തെ നോക്കി പ്രകാശ് തന്റെ കാർ മുന്നോട്ട് എടുത്തു. ഇപ്പോൾ അയാളുടെ ഫോണിൽ ഷീലയുടെ ഒരു മെസ്സേജ് വന്നിട്ടുണ്ടായിരുന്നു:

"ഹാപ്പി സേഫ് ജേർണി പ്രകാശ് my dear .Prakash".

അയാളുടെ ചുണ്ടിൽ ആത്മസംതൃപ്തിയുടെ ഒരു പുഞ്ചിരി വിരിഞ്ഞു. ജീവിതം ഒടുവിൽ അവർക്ക് മുന്നിൽ മനോഹരമായി പുനർജനിച്ചിരിക്കുന്നു.

(ശുഭം)

സജീവൻ

23/03/2023

Monday, June 22, 2026

ഒളിച്ചോട്ടം... അതും ഈ ഇടിയുടെ കൂടെ! പോരേ പൂരം?

ഒളിച്ചോട്ടം... അതും ഈ ഇടിയുടെ കൂടെ! പോരേ പൂരം?
==============/==========
ദേ പറയണൂ, ഞാൻ അവളുടെ കഥയാ പറയണേ. ഒരു ഒന്നൊന്നര ഒളിച്ചോട്ട കഥ! അതും ഒരു 18 തികഞ്ഞ മോട്ടോർ! 

അന്ന് ഓഫീസിൽ അവളാകെ ഒരു അസ്വസ്ഥതയിലായിരുന്നു. ഉച്ച കഴിഞ്ഞപ്പഴേക്കും എന്തോ അത്യാവശ്യം എന്ന് പറഞ്ഞ് മൂപ്പത്തി ലീവുമെടുത്ത് വീട്ടിലോട്ട് ഒരൊറ്റ ഓട്ടം! ഞാൻ അന്ന് ഉച്ചവരെ ലീവിലായിരുന്നോണ്ട് ഓഫീസിൽ എത്തിയപ്പോ ദേ കിടക്കുന്നു അവളുടെ കസേര കാലിയായിട്ട്! എന്തൂട്ടാ സംഭവം എന്ന് അന്വേഷിച്ചപ്പോളല്ലേ അറിയണത്—മുകളിൽ, വീടിന്റെ മുകളിൽ, എന്തോ പ്ലംബിംഗ് പണിയൊക്കെയുണ്ട്, അത് നോക്കാൻ പോയതാണെന്ന്.
കുറച്ചു കഴിഞ്ഞപ്പോ ഞാൻ ഓഫീസീന്ന് ഇറങ്ങി അടുത്തുള്ള പീടികയിൽ ചെന്ന് ഒരു ചായ കുടിക്കാൻ നിക്കുമ്പോഴാണ് വീണ്ടും ഈ കാര്യം ഓർക്കണേ. 

സാധാരണ ലീവെടുക്കുമ്പോ ഒന്നു പറയണതാണല്ലോ, ഇതിപ്പോ എന്താ സംഭവം എന്നൊരു ചിന്ത.
എന്തായാലും ഫോണെടുത്ത് ഒന്നു വിളിച്ചു നോക്കാമെന്ന് കരുതി. അങ്ങേത്തലക്കൽ ഫോൺ എടുത്തു. എന്റെ ചോദ്യം പ്രതീക്ഷിച്ചിട്ടാവും, എടുത്തപ്പഴേ വന്നു സ്റ്റൈലിൽ മറുപടി:

"ഡാ, ഞാൻ ലീവെടുത്തതാടാ ഇന്ന്! രണ്ട് ദിവസമായിട്ട് മോട്ടോർ വെള്ളം എടുക്കുന്നില്ല. വീട്ടിൽ ഒരു തുള്ളി വെള്ളമില്ലാതെ ആകെ കഷ്ടപ്പാടിലായിരുന്നു. അപ്പൊ ദേ നന്നാക്കാൻ ആള് വരാന്നു പറഞ്ഞു, അതോണ്ട് ലീവെടുത്തു പോന്നതാ. അതാ ഉണ്ടായേ!"

അത്രയും കേട്ടപ്പൊ എനിക്ക് സമാധാനമായി. "ഓ, ഇതാണോ കാര്യം!" എന്ന് മനസ്സിൽ വിചാരിച്ച് വേറെന്തൊക്കെയോ കുശലം പറഞ്ഞ് ഫോൺ വെച്ചു.
അങ്ങനെ അടുത്ത ദിവസം പുലർന്നു. അന്നും മൂപ്പത്തിയെ കാണാനില്ല. അതിനടുത്ത ദിവസവും സീറ്റിൽ ആളില്ല! അതിന്റെ അടുത്ത ദിവസവും ഇതേ അവസ്ഥ! എനിക്ക് അപ്പൊത്തന്നെ കാര്യം കത്തി—വീട്ടിൽ കുളിക്കാൻ പോലും വെള്ളം കിട്ടീട്ടുണ്ടാവില്ല! കുളിക്കാതെ എങ്ങനെ ഓഫീസിൽ വരും. 
നാലാം ദിവസം അവൾ ഓഫീസിൽ ലാൻഡ് ചെയ്തു. വന്നിട്ടാണെങ്കിൽ ലീവ് ദിവസങ്ങളിലെ ബാക്കി കിടന്ന പണികളൊക്കെ തീർക്കുന്ന തിരക്കിലാണ്. പണിയൊക്കെ ചെയ്ത് ആകെ തളർന്ന് വിഷമിച്ചിരിക്കുമ്പോഴാണ് ഞാൻ അങ്ങോട്ട് ചെല്ലണത്. "എന്തൂട്ടാപ്പൊ ഉണ്ടായേ?" എന്ന മട്ടിൽ ഞാൻ പുരികം രണ്ടും പൊക്കി ആംഗ്യം കാണിച്ചു.
അപ്പൊ അവൾ പറയുകയാണ്, "അതെ... മോട്ടോർ പോയി!" എന്ന്.
എനിക്ക് കാര്യം വല്ല്യ പിടി കിട്ടാത്തോണ്ട് ഞാൻ വീണ്ടും നോക്കിയപ്പോ അവൾ സങ്കടത്തോടെ പറഞ്ഞു :
"അതെടാ, വീട്ടിൽ 18 കൊല്ലമായിട്ട് വെള്ളം തന്ന് സഹായിച്ച എന്റെ  സ്വന്തം മോട്ടോർ ഇല്ലേ... അത് പോയി! അന്ന് വലിയൊരു ഇടി വെട്ടിയപ്പോ അതിന്റെ കൂടെ മോട്ടോറും അടിച്ചുപോയി! ഇനി പുതിയൊരെണ്ണം വരാൻ ഒരു ആഴ്ചയെങ്കിലും എടുക്കുംന്ന്!"

അപ്പോഴാണ് എനിക്ക് കാര്യം കത്തിയത്—ഇടിയുടെ കൂടെ മോട്ടോറും പോകും ലേ! അത്രയും കാലം കുടുംബത്തിലെ ഒരംഗത്തെപ്പോലെ കൂടെ നിന്ന് വെള്ളം കോരിത്തന്ന മോട്ടോറാണ്. ആരും കാണാതെ സുഖമായിട്ട് ജീവിക്കാൻ കിണറിന്റെ അടിയിൽ സ്ഥലവും കൊടുത്തു. എന്നിട്ടും പ്രായം 18 ആയപ്പോ, ഒരൊറ്റ ഇടി വന്നപ്പഴേക്കും അതിന്റെ കൂടെ ഇറങ്ങിപ്പോയി! എന്തൊരു ലോകമാടോ ഇത്? അതും "ഈ ഇടിയുടെ കൂടെ ഞാനും പോകുവാണേ" എന്ന് ഒരു വാക്ക് പോലും പറയാതെ! 
ആ മോട്ടോറിന് വേണ്ടി നാല് ദിവസം ലീവെടുത്ത അവൾ... അവളെയും കിണറിനെയും ഒക്കെ മറന്ന മോട്ടോർ! 
എല്ലാവരെയും പേടിപ്പിച്ചു വിറപ്പിച്ച ആ ഇടി!
എനിക്കാണെങ്കിൽ തല പുകയാൻ തുടങ്ങി. ഈ ഇടി അത്രക്ക് സുന്ദരനാണോ? ഇടിയുടെ കൂടെ ഒളിച്ചോടാൻ ഇടിക്ക് എന്താ ഇത്ര കൊമ്പുണ്ടോ? ഇങ്ങനെയാണെങ്കിൽ ഈ ഇടി ഇനി വേറെ ആരെഎങ്കിലും  കൊണ്ടുപോവോ? ഇനി ഇവളെയും തൂക്കിക്കൊണ്ട് പോവോ? 
ഈശ്വരാ!
ചിന്ത ഇങ്ങനെ കാടു കയറിയപ്പോ, ഇത് അവളോട് ചോദിച്ച് എനിക്ക് വെറുതെ ‘ഇടി’ വാങ്ങേണ്ടല്ലോ എന്ന് കരുതി ഞാൻ മിണ്ടാതിരുന്നു!

ഓഫീസ് കഴിഞ്ഞ് വീട്ടിൽ പോയപ്പോഴും എന്റെ തലയിൽ ഈ ഒരൊറ്റ ചിന്തയേ ഉള്ളൂ—എന്തിനായിരിക്കും ആ മോട്ടോർ ഇടിയുടെ കൂടെ ഒളിച്ചോടിയത്? മോട്ടോറിനും 18 കഴിഞ്ഞല്ലോ, മേജറായി, സ്വന്തം തീരുമാനമെടുക്കാം! 
അപ്പൊ ഇടിയുടെ പ്രായമോ?

ഹേയ്... ചിന്തിക്കുന്നതിന് ഒരു വിവരവും വേണ്ടല്ലോ അല്ലേ? 
അല്ല, ഓരോന്ന് കാടുകയറി ചിന്തിക്കാൻ എന്തിനാപ്പൊ വിവരം! ഒരു ചിന്തക്കും വിവരം ഇല്ലല്ലോ!
എന്നിട്ടും ചിന്ത ഇപ്പോ ആരാ !!

ശുഭം.
രചന : സജീവൻ. 
06/06/2024

Saturday, June 20, 2026

തീരം തൊടാതെ പോയ ഗംഗാതരംഗം

 

തീരം തൊടാതെ പോയ ഗംഗാതരംഗം

രചന : സജീവൻ. 07/12/2023

——————————————————

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാം നമ്പർ ടെർമിനലിൽ അനൗൺസ്‌മെന്റുകളുടെ ബഹളമായിരുന്നു. വിമാനങ്ങളുടെ സമയവിവരങ്ങളും, യാത്രക്കാരുടെ തിരക്കും, ട്രോളികളുടെ ചക്രങ്ങൾ തറയിൽ ഉരസുന്ന ശബ്ദവും കൊണ്ട് ആകെ മുഖരിതമായ അന്തരീക്ഷം. പക്ഷേ, ആ തിരക്കുകൾക്കിടയിലും ഒരചേതനവസ്തുവിനെപ്പോലെ ഞാൻ പകച്ചുനിൽക്കുകയായിരുന്നു. എന്റെ കാതുകളിൽ അപ്പോഴും മുഴങ്ങിയിരുന്നത് ചെന്നൈ എയർപോർട്ടിലെ അറിയിപ്പുകളല്ലായിരുന്നു; മറിച്ച്, ഹിമാലയൻ കാറ്റേറ്റ് ഒഴുകിവരുന്ന ഗംഗാ ആരതിയുടെ ഓട്ടുമണികളുടെ നാദവും കാൽനൂറ്റാണ്ടുകാലം എന്നെ പൊതിഞ്ഞുനിന്ന ഒരു ജനതയുടെ സ്നേഹാരവങ്ങളുമായിരുന്നു.

കൈയിലെ റദ്ദാക്കപ്പെട്ട ബോർഡിങ് പാസ്സിലേക്ക് നോക്കിയപ്പോൾ നെഞ്ച് പിടഞ്ഞു. വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഒരു നിസ്സാര സാങ്കേതിക പ്രശ്നം! എയർപോർട്ടിലെ കൗണ്ടറിലിരുന്ന ജീവനക്കാരന് അത് കമ്പ്യൂട്ടർ സ്‌ക്രീനിലെ വെറുമൊരു ചുവപ്പ് സിഗ്നലോ, നിത്യേനയുള്ള നൂറുകണക്കിന് യാത്രാതടസ്സങ്ങളിൽ ഒന്നുമാത്രമോ ആയിരിക്കാം. അവരെന്നോട് ക്ഷമ ചോദിച്ചു. പക്ഷേ, ആ 'നിസ്സാര പ്രശ്നം' കൊണ്ട് അടഞ്ഞുപോയത് എന്റെ ജീവന്റെ പകുതിയോളം പോന്ന ഒരു ലോകത്തേക്കുള്ള വഴിയായിരുന്നു എന്ന് അവരെങ്ങനെ അറിയാൻ!

തോൽവി സമ്മതിച്ച്, തോളിൽ തൂങ്ങുന്ന ബാഗിന്റെ ഭാരവും പേറി ഞാൻ എയർപോർട്ടിന്റെ പുറത്തേക്ക് നടന്നു. ചെന്നൈയിലെ ഡിസംബർ മാസത്തിലെ ആ ഉച്ചവെയിൽ പോലും എന്നെ ചുട്ടുപൊള്ളിക്കുന്നത് പോലെ തോന്നി. പക്ഷേ, ആ ചൂടിലും എന്റെ മനസ്സ് ഇരുപത് വർഷക്കാലം എന്നെ മാറോടുചേർത്ത് പോറ്റിയ ഹരിദ്വാറിന്റെ തണുപ്പിലേക്കാണ് കുതിച്ചുപാഞ്ഞത്. ഓർമ്മകളുടെ വസന്തകാലം കാത്തുവെച്ച ആ പുണ്യ ഗംഗാതീരത്തേക്ക്…ഓർമ്മകളുടെ വസന്തകാലം തീർത്ത ഓർമ്മ കടലിലേക്ക്. 


മുപ്പതാം വയസ്സിന്റെ തുടക്കത്തിലാണ്, ഒരു പെട്ടിയിലൊതുങ്ങുന്ന സ്വപ്നങ്ങളുമായി, ജോലിയിലെ സ്ഥലമാറ്റം വാങ്ങി ഞാൻ ഹരിദ്വാറിലെ മണ്ണിൽ കാലുകുത്തുന്നത്. ഉത്തരേന്ത്യയുടെ തീക്ഷ്ണമായ തണുപ്പും, പരിചിതമല്ലാത്ത ഹിന്ദി ഭാഷയും, അപരിചിതരായ മനുഷ്യരും ആദ്യമെന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. എന്നാൽ, ഹരിദ്വാറിലെ ഗ്രാമവീഥികൾക്ക് എന്നെ ഒരു പരദേശിയായി മാറ്റിനിർത്താൻ കഴിയില്ലായിരുന്നു. അവിടുത്തെ മണ്ണും മനുഷ്യരും വളരെ പെട്ടെന്നാണ് എന്നെ അവരുടെ സ്വന്തം 'സജീവ് ഭായ്' ആക്കി മാറ്റിയത്.

ഫാക്ടറിയിലെ ഓരോ വലിയ സൈറൺ മുഴക്കത്തിലും എന്റെ കൂടെ തോളോട് തോൾ ചേർന്ന് നിന്ന് ചിരിച്ചും വിയർത്തും പണിയെടുത്ത സഹപ്രവർത്തകരും സാധാരണക്കാരായ തൊഴിലാളികളും; രാവിലെ മഞ്ഞുപെയ്യുന്ന നേരത്ത് ഫാക്ടറിക്ക് പുറത്തെ ചെറിയ കട തുറക്കുമ്പോൾ സ്നേഹത്തോടെ ഇഞ്ചി ചായ പകർന്നുതരുന്ന സേത്ത്പാൽ സിങ് എന്ന കച്ചവടക്കാരൻ ; റൂമിൽ നിന്നും നിന്നും ഫാക്ടറിയിലേക്ക് പോകുമ്പോൾ സ്വന്തം കുടുംബത്തിലെ വിശേഷങ്ങൾ ചോദിച്ചറിയുന്ന ഡ്രൈവർമാർ...

മുപ്പതിൽ തുടങ്ങി അമ്പത് വയസ്സുവരെയുള്ള എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഇരുപത് വർഷങ്ങൾ! പടിയിറങ്ങുമ്പോൾ എന്റെ യൗവനവും, വിയർപ്പും, പ്രണയവും, സങ്കല്പങ്ങളും എല്ലാം ഞാൻ ആ ഗംഗാതീരത്ത് നട്ടുപിടിപ്പിച്ചിട്ടുണ്ടായിരുന്നു.

ഒരു വർഷം മുൻപാണ് സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് വീണ്ടും തമിഴ്നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. ഇവിടെ പുതിയ അന്തരീക്ഷത്തിൽ, പുതിയ വേഷങ്ങളിൽ, പുതിയ മനുഷ്യർക്കിടയിൽ ജീവിക്കുമ്പോഴും ഉള്ളിൽ 'ഹരിദ്വാർ' എന്നൊരു ഭ്രാന്ത് മാറാതെ കിടപ്പുണ്ടായിരുന്നു. അവിടെ എന്നെ കാത്തിരിക്കുന്ന ചില ഹൃദയങ്ങളുണ്ടെന്ന് എനിക്കറിയാം. വിരഹത്തിന്റെ ഈ ഒരു വർഷക്കാലം കൊണ്ട് അവർ എന്നെ മറന്നിരിക്കില്ല. എന്റെ സ്നേഹം കൈക്കുമ്പിളിൽ കോരിയെടുത്ത് നെഞ്ചോട് ചേർക്കാൻ കാത്തിരിക്കുന്ന ആ മനുഷ്യരെ ഒരുനോക്ക് കാണാനുള്ള കൊതി പൂണ്ടാണ് ഞാൻ ഈ യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചത്. ഹൃദയത്തിൽ പടരുന്ന കണ്ണുനീർ ചാലുകൾ ആയി മാറി. 


പക്ഷേ, വിധി വിലങ്ങിട്ട ഈ നിമിഷം... യാത്ര പാതിവഴിയിൽ മുടങ്ങി തിരികെ നടക്കേണ്ടി വന്ന ഈ മടുപ്പ്... അത് എന്റെ ഉള്ളിലെ പഴയ മുറിവുകളെ കൂടുതൽ ആഴമുള്ളതാക്കുന്നു. ആ മുറിവുകളിൽ നിന്നും ഇപ്പോൾ ഓർമ്മകളുടെ രക്തത്തുള്ളികൾ ഇറ്റുവീഴുകയാണ്.

 "അവരെന്ന ഭ്രാന്ത് എന്റെ അകത്തളത്തിൽ പടർന്നുകയറുന്നു. ഒരു കരിമ്പുക പോലെ അത് എന്നെ ശ്വാസം മുട്ടിക്കുന്നു..."


എനിക്ക് തിരികെ വരണം. എന്റെ ഭ്രാന്തുകൾക്ക് എന്നും കൂട്ടിരുന്ന ആ ഗംഗാതീരത്തേക്ക് എനിക്ക് വീണ്ടും വരണം. പകലന്തിയോളം ഫാക്ടറിയിൽ അധ്വാനിച്ച്, പാതിരാത്രിയുടെ നിശ്ശബ്ദതയിൽ വിജനമായ ആ തീരത്തിരുന്ന് ഗംഗയുടെ ഇരമ്പലിലേക്ക് നോക്കി, ആകാശത്തെ നക്ഷത്രങ്ങളെ തിരഞ്ഞ ആ പഴയ മുപ്പതുകാരനായും നാൽപ്പതുകാരനായും എനിക്ക് മാറണം.

കണ്ട സ്വപ്നങ്ങൾ, പരിഭവങ്ങൾ, ഗംഗയുടെ ഒഴുക്കിലേക്ക് എറിഞ്ഞുകളഞ്ഞ കണ്ണീരുകൾ... എല്ലാം ആ തീരത്ത് തന്നെയുണ്ട്. അകലേക്ക് മാറി മാറിപ്പോകുന്ന ആ ചടുലമായ അലകൾക്കിടയിൽ ഒളിച്ചുവെച്ച ആ നഷ്ടസ്വപ്നങ്ങളെ എനിക്ക് ഒരിക്കൽക്കൂടി കൈയെത്തിപ്പിടിക്കണം.

കാത്തിരിക്കുക, പ്രിയപ്പെട്ട തീരമേ...


ചെന്നൈയിലെ തിരക്കേറിയ റോഡിലൂടെ മടക്കയാത്രയ്ക്കായി ഞാൻ ഒരു ടാക്സി വണ്ടിയിൽ കയറി. വിൻഡോ ഗ്ലാസിലൂടെ പുറത്തെ കാഴ്ചകൾ പിന്നോട്ട് പായുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുമ്പുന്നുണ്ടായിരുന്നു. കാഴ്ചകൾ മങ്ങിമങ്ങി വന്നു. മനസ്സ് കരിങ്കടൽ പോലെ ഇരമ്പുകയായിരുന്നു.

എങ്കിലും, തോറ്റുപിന്മാറാൻ തയ്യാറല്ല. ഇന്ന് ഞാൻ മടങ്ങിയത് ഒരു വലിയ തിരിച്ചുവരവിനു വേണ്ടിയാണ്. ഹൃദയം നിറയെ ഓർമ്മകളുമായി, എന്റെ ഭ്രാന്തിന്റെ നിത്യതോഴിയായ ആ ഗംഗാതീരത്തെ തേടി, എന്നെ സ്നേഹിച്ച എന്റെ സ്വന്തം മനുഷ്യരെ തേടി ഞാൻ വീണ്ടും വരിക തന്നെ ചെയ്യും.

ഈ ഒരൊറ്റ യാത്രയല്ലേ മുടങ്ങിയുള്ളൂ... ഓർമ്മകളുടെ ഈ വസന്തം ഒരിക്കലും കൊഴിഞ്ഞുപോവില്ല.

തീർച്ചയായും, ഞാൻ വീണ്ടും വരും! എന്റെ ഗംഗാതീരം തേടി...


രചന : സജീവൻ 

07/12/2023


( പോണ്ടിച്ചേരിയിൽ നിന്നും ഒരിക്കൽ പഴയ ജോലിസ്ഥലം വരെ പോകേണ്ട ഒരു അവസരം വന്നപ്പോൾ , അവിടം വരെ പോകുന്ന അവസരം കിട്ടിയതിന്റെ സന്തോഷം.  പക്ഷേ ഒഫീഷ്യൽ വർക്ക് ഇടയിൽ വെച്ച് ക്യാൻസൽ ആകുകയും ആ യാത്ര മുടങ്ങുകയും, ചെന്നൈ വരെ പോയി തിരികെ വരികയും ഉണ്ടായി. 

അപ്പോൾ ഉണ്ടായ സങ്കടങ്ങളെ വാക്കുകൾ ആക്കി കോറിയിട്ടപ്പോൾ. )


Thursday, June 18, 2026

യാത്രയിലെ അനുഭവം .....

യാത്രയിലെ അനുഭവം...
രചന : സജീവൻ. 13.06.2026
======================
ന്യൂഡൽഹിയിൽ നിന്നും തിരുവനന്തപുരം വരെ പായുന്ന കേരളാ എക്സ്പ്രസിന്റെ ഒരു ജനാലയ്ക്കരികിലിരുന്ന് ഞാൻ പുറത്തേക്ക് നോക്കി. ട്രെയിൻ വിട്ടത് മുതൽ മനസ്സിൽ കോരിയിട്ട ആഹ്ലാദമായിരുന്നു. ജോലിത്തിരക്കുകൾക്കിടയിൽ നിന്നും കിട്ടിയ കുറച്ചു ദിവസത്തെ ലീവ്. പോക്കറ്റിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയുടെ മകളുടെ വിവാഹനിശ്ചയത്തിനുള്ള ക്ഷണക്കത്തുണ്ട്. നാട്ടിലെത്തണം, കൂട്ടുകാരെ കാണണം, ആഘോഷിക്കണം... ട്രെയിനിന്റെ താളത്തിനൊപ്പം എന്റെ മനസ്സും പാടുകയായിരുന്നു.
പാലക്കാട് ജംഗ്ഷനിൽ വണ്ടി നിർത്തിയപ്പോഴാണ് ആ വലിയ സംഘം എന്റെ കൂപെയ്ക്ക് മുന്നിലേക്ക് വന്നത്.
ഏകദേശം അറുപത് വയസ്സ് തോന്നിക്കുന്ന ഒരു അമ്മയാണ് മുന്നിൽ. ഒപ്പം ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന മൂന്ന് യുവാക്കളും രണ്ട് യുവതികളും ഉണ്ട്. അമ്മയെ അവർ ട്രെയിനിലേക്ക് കയറ്റി ഇരുത്തി. ആ അമ്മയോടുള്ള അവരുടെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു ബഹുമാനവും കൗതുകവും തോന്നി. അത്രയേറെ കരുതലും സ്നേഹവുമായിരുന്നു ആ മക്കൾക്ക്.
ഒരാൾ ബാഗുകൾ കൃത്യമായി എടുത്തു വെക്കുന്നു. മറ്റൊരു മകൻ അമ്മയ്ക്ക് ഇരിക്കാനായി വിരിയെല്ലാം മാറ്റി വൃത്തിയായി വിരിച്ചു കൊടുക്കുന്നു. പെൺകുട്ടികൾ അമ്മയുടെ കൈകൾ ചേത്തുപിടിച്ച് യാത്രയിലുടനീളം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സ്നേഹത്തോടെ ഉപദേശിച്ചുകൊണ്ടിരുന്നു. അവരുടെ സ്നേഹപ്രകടനങ്ങൾ കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി.
പെട്ടെന്ന് ട്രെയിൻ മെല്ലെ ചലിക്കാൻ തുടങ്ങി. അവർ ആ അമ്മയോട് യാത്ര പറഞ്ഞ് വേഗം പുറത്തേക്കിറങ്ങി. പ്ലാറ്റ്‌ഫോമിൽ നിന്നുകൊണ്ട് വണ്ടി നീങ്ങുന്നത് വരെ അവർ അമ്മയ്ക്ക് നേരെ കൈവീശിക്കൊണ്ടിരുന്നു.
ഇപ്പോൾ ആ സെക്ഷനിൽ ഞാനും ആ അമ്മയും മാത്രമായി. സൈഡ് സീറ്റിൽ ഒരു ആന്ധ്രാ സ്വദേശികളായ കുടുംബമുണ്ട്. അവർ അവരുടെ ലോകത്താണ്.
പെട്ടെന്നാണ് ആ അമ്മയുടെ മുഖത്തേക്ക് ഞാൻ നോക്കിയത്. ജനാലയ്ക്ക് പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്ന ആ അമ്മയുടെ കണ്ണുകളിൽ നിന്നും കണ്ണീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു! ശബ്ദമില്ലാതെ, ഉള്ളുരുകി അവർ കരയുകയാണ്.
അതുവരെ മനസ്സ് നിറയെ സന്തോഷമായിരുന്ന എനിക്ക് അതൊരു വല്ലാത്ത കാഴ്ചയായിരുന്നു. അമ്മയെ യാത്രയാക്കാൻ വന്ന ആ മക്കളുടെ സ്നേഹം കണ്ടിട്ടാകാം, അവരെ പിരിഞ്ഞ സങ്കടത്തിലാവും അമ്മ കരയുന്നത് എന്ന് ഞാൻ കരുതി.
ഇടയ്ക്ക് കരച്ചിലടക്കാൻ ശ്രമിച്ചുകൊണ്ട് അമ്മ എന്നെ നോക്കിയപ്പോൾ, ഞാൻ ആശ്വാസമെന്നോണം മെല്ലെ ചോദിച്ചു:
"അമ്മയെ കൊണ്ടാക്കാൻ ഒത്തിരി പേര് വന്നല്ലോ... അവരെയൊക്കെ പിരിഞ്ഞു പോന്നപ്പോ സങ്കടം ആയോ അമ്മേ?"
എന്റെ ചോദ്യം കേട്ട് ആ അമ്മ കുറച്ചുനേരം എന്നെത്തന്നെ നോക്കി. ആ കണ്ണുകളിൽ മക്കൾ പോയതിന്റെ സങ്കടമായിരുന്നില്ല, മറ്റേതോ വലിയൊരു ശൂന്യതയായിരുന്നു. അവർ പതിയെ കണ്ണ് തുടച്ചുകൊണ്ട് എന്നോട് സംസാരിക്കാൻ തുടങ്ങി.
അവരുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു.
യാത്രയാക്കാൻ വന്നത് അവരുടെ സ്വന്തം മക്കളായിരുന്നില്ല, മരിച്ചുപോയ ഇളയ അനിയന്റെ മക്കളും അവരുടെ കൂട്ടുകാരുമായിരുന്നു. അനിയൻ മരിച്ചിട്ട് പത്ത് ദിവസത്തെ ചടങ്ങുകൾ കഴിഞ്ഞു മടങ്ങുകയാണ് ആ അമ്മ. ക്യാൻസർ എന്ന മഹാമാരിയുടെ പിടിയിലകപ്പെട്ട്, വളരെ ദയനീയമായ അവസ്ഥയിലായിരുന്നു ആ അനിയന്റെ അന്ത്യം.
ആ അനിയന് ഈ ചേച്ചി വെറുമൊരു സഹോദരി മാത്രമായിരുന്നില്ല, എല്ലാമെല്ലാമായിരുന്നു. അതുകൊണ്ട് തന്നെ അവന്റെ വേർപാട് ആ അമ്മയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
"എന്റെ അനിയന്റെ മക്കൾ നല്ല നിലയിൽ പഠിക്കുന്നവരാ മോനേ..." അമ്മ വിതുമ്പലോടെ പറഞ്ഞു. "മോൻ തൃശൂരിൽ വെറ്റിനറി ഡോക്ടറാകാൻ പഠിക്കുന്നു. മോൾക്ക് ഹൗസ് സർജൻസിയുടെ അവസാന വർഷമാണ്. അച്ഛന്റെ മരണം ആ കുട്ടികളെ ആകെ തളർത്തിയിരിക്കുകയാണ്."
അമ്മ വീണ്ടും ജനാലയ്ക്ക് പുറത്തേക്ക് നോക്കി. അവരുടെ മനസ്സിൽ ആ അനിയന്റെ കുടുംബത്തിന്റെ ഓർമ്മകളായിരുന്നു. അനിയന്റെ ഭാര്യയ്ക്ക് വെറും നാൽപ്പത്തിയഞ്ച് വയസ്സ് മാത്രമേയുള്ളൂ. ഒരു ചെറിയ കച്ചവടമായിരുന്നു അനിയന്. ഒരുപാട് ആഗ്രഹിച്ച് വെച്ച വീടിന്റെ പണി പോലും ഇതുവരെ മുഴുവനായി തീർന്നിട്ടില്ല. അതിനിടയിലാണ് താങ്ങായിരുന്ന മനുഷ്യൻ പെട്ടെന്ന് ഒഴിഞ്ഞുപോയത്. ഇനിയങ്ങോട്ട് ആ കുടുംബം എങ്ങനെ ജീവിക്കുമെന്ന ആകുലതകളിൽ ആ അമ്മയുടെ മനസ്സ് നീറുകയായിരുന്നു. ആലോചിക്കുംതോറും അവരുടെ കണ്ണീരിന്റെ വേഗത കൂടി വന്നു.
അമ്മയുടെ സങ്കടം കേട്ടപ്പോൾ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. ജോലിസ്ഥലത്തു നിന്നും വരുമ്പോൾ മനസ്സിലുണ്ടായിരുന്ന ആഘോഷത്തിന്റെ മൂഡ് എവിടെയോ മറഞ്ഞുപോയി. ജീവിതം എത്ര പെട്ടെന്നാണ് ചിലരെ അനാഥരാക്കിക്കളയുന്നത്!
വണ്ടി തൃശൂർ സ്റ്റേഷനിലേക്ക് അടുത്തുകൊണ്ടിരുന്നു. ഞാൻ ഇറങ്ങേണ്ട സമയമായി. ബാഗുമെടുത്ത് എഴുന്നേൽക്കുമ്പോൾ ഞാൻ ആ അമ്മയുടെ അരികിലേക്ക് ചെന്നു. അവരുടെ കൈകളിൽ പതിയെ തൊട്ടു.
"അമ്മ സങ്കടപ്പെടേണ്ട. ആ മക്കൾ മിടുക്കരല്ലേ... അവർ അമ്മയുടെ അനിയന്റെ തണലായി വളരും. അമ്മ ധൈര്യമായിരിക്കണം."
ആ അമ്മ എന്നെ നോക്കി ഒന്നു തലയാട്ടി. കവിളിലൂടെ അപ്പോഴും കണ്ണീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
ട്രെയിൻ തൃശൂർ സ്റ്റേഷനിൽ വന്നു നിന്നു. ഞാൻ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി തിരിഞ്ഞു നോക്കുമ്പോൾ, ട്രെയിന്റെ ജനാലയ്ക്കപ്പുറം ശൂന്യതയിലേക്ക് നോക്കിയിരിക്കുന്ന ആ അമ്മയുടെ രൂപം ഒരു നോവായി എന്റെ മനസ്സിൽ അവശേഷിക്കുന്നുണ്ടായിരുന്നു. എന്റെ കൂട്ടുകാരിയുടെ മകളുടെ വിവാഹനിശ്ചയത്തിലേക്ക് നടക്കുമ്പോഴും, മനസ്സ് ഇപ്പോഴും ആ കേരളാ എക്സ്പ്രസിലെ അമ്മയ്ക്കൊപ്പമായിരുന്നു.
ശുഭം......
സജീവൻ.
13/06/2026

ഓർമ്മതുരുത്തുകൾ നിറയുമ്പോൾ....

ഒരു യാത്രയിലെ ഓർമ്മക്കുറിപ്പുകൾ....

രചന: സജീവൻ

ഒരു ചടങ്ങിൻ്റെ ഓർമ്മക്ക്....ഒരു യാത്രയുടെയും...

========================

ഡൽഹിയിലെ മരവിപ്പിക്കുന്ന തണുപ്പിൽ നിന്നും കേരളത്തിന്റെ ഹരിതാഭയിലേക്കും പച്ചപ്പിലേക്കും ഹസ്രത് നിസാമുദ്ദീൻ - എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് കുതിച്ചുപായുകയാണ്.

ട്രെയിൻ മഹാരാഷ്ട്രയുടെ അതിർത്തികൾ പിന്നിടുമ്പോൾ, ജനൽക്കമ്പികളിൽ കൈകൾ ഊന്നി പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു മാധവൻ. കണ്ണുകളിലൂടെ പാഞ്ഞുപോകുന്ന കാഴ്ചകളേക്കാൾ വേഗത്തിൽ അയാളുടെ മനസ്സ് കാലത്തിന് പുറകിലേക്ക്, ഏതാണ്ട് മുപ്പത് വർഷങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിച്ചു. അൻപത്തിരണ്ടിന്റെ പക്വതയും ജീവിതാനുഭവങ്ങളും തോളിലുണ്ടെങ്കിലും, ഉള്ളിൽ ഒരു ഇരുപതുകാരന്റെ ചോരത്തിളപ്പും ആകാംക്ഷയുമാണ്. കാരണം, ഈ യാത്ര ഗുരുവായൂർ എന്ന പുണ്യനഗരത്തിലേക്കാണ്. അവിടെ കാത്തിരിക്കുന്നത് വെറും സുഹൃത്തുക്കളല്ല, മാധവന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്ന ചില പ്രിയപ്പെട്ട മുഖങ്ങളാണ്.രണ്ടു ദിവസത്തെ ഈ നീണ്ട ട്രെയിൻ യാത്ര അയാൾക്ക് ഒട്ടും വിരസമായി തോന്നിയില്ല. ചായക്കച്ചവടക്കാരുടെ നീട്ടിവിളികളും, സ്റ്റേഷനുകളിലെ ബഹളങ്ങളും, പാളങ്ങളുടെ താളാത്മകമായ ശബ്ദവുമെല്ലാം ആ യാത്രയ്ക്ക് ഒരു പ്രത്യേക ഭംഗി നൽകി. ഇടയ്ക്കപ്പോഴോ തന്റെ ബാഗിൽ നിന്നും ഒരു പഴയ നീല ഡയറി അയാൾ പുറത്തെടുത്തു. അതിലെ മഷി പടർന്ന താളുകൾ മറിക്കുമ്പോൾ ഓർമ്മകളുടെ ഒരു വൻമതിൽ തന്നെയാണ് മുന്നിൽ തകർന്നുവീണത്.

മുസ്തഫ, ധന്യ, വിന്ദുജ... പിന്നെ മാധവൻ എന്ന അയാൾ. കോളേജ് കാലം മുതൽ തുടങ്ങിയ ആ നാലംഗ സംഘത്തിന്റെ കൂട്ടായ്മ.

വർഷങ്ങൾ എത്ര വേഗമാണ് കൊഴിഞ്ഞുപോയത്!

മാധവനും വിന്ദുജയും വെറും കൂട്ടുകാർ മാത്രമായിരുന്നില്ല. ജനിച്ചതു മുതൽ ഒരേയൊരു പറമ്പിന്റെ അതിരുകൾ പങ്കിട്ട അയൽവാസികൾ. ഒന്നിച്ച് മണ്ണിൽ കളിച്ചു വളർന്നവർ. സ്കൂളിലും കോളേജിലും ഒരേ ബെഞ്ചിലിരുന്ന് പഠിച്ച സഹപാഠികൾ. കാലം അവരെ എത്തിച്ചത് ഒരേ പ്രൈവറ്റ് കമ്പനിയിലാണ്; ജോലിയിലും അവർ സഹപ്രവർത്തകരായി തുടർന്നു. വിന്ദുജ കമ്പനിയുടെ കേരളാ സോൺ എക്സിക്യൂട്ടീവ് ആയി തുടരുമ്പോൾ, മാധവൻ ഉത്തരാഖണ്ഡിലെ ഹരിദ്വാർ യൂണിറ്റിന്റെ ചുമതലയുമായി നാടുവിട്ടുപോയി. വല്ലപ്പോഴും മാത്രം നാട്ടിൽ വരുന്ന ഒരു പ്രവാസിയെപ്പോലെയായിരുന്നു അവൻ.കോളേജ് കാലത്ത് ആണ് ബാക്കി രണ്ടുപേർ ഈ സൗഹൃദത്തിൽ കൂടുന്നത്. പിന്നെ പലരും പലവഴിക്ക് പോയി.

നാളെ വിന്ദുജയുടെ മകൾ മാളവികയുടെ വിവാഹനിശ്ചയമാണ്. ട്രെയിനിലിരുന്ന് ആലോചിക്കുമ്പോൾ മാധവന് അത്ഭുതം തോന്നി—തന്റെ ഒപ്പം നടന്ന് വളർന്ന വിന്ദുവിന്റെ മകൾ ഇതാ ഒരു വധുവാകാൻ ഒരുങ്ങുന്നു! പ്രായം 52 ആയെങ്കിലും മനസ്സിലെ ആ പഴയ കുട്ടിക്കാലം ഇന്നും അങ്ങനെ തന്നെയുണ്ട്.

പിറ്റേന്ന് രാവിലെ ഗുരുവായൂരിലെ കല്യാണ മണ്ഡപത്തിലേക്ക് മാധവൻ പടികൾ കയറിച്ചെല്ലുമ്പോൾ മനസ്സ് നിറഞ്ഞ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് മുസ്തഫയും ധന്യയും അയാളെ എതിരേറ്റത്.

"എടാ മാധവാ... ഒടുവിൽ നീയിങ്ങ് എത്തിയല്ലേ! നരച്ച താടിയും വെച്ച് നീയിപ്പോ ഒരു ഹരിദ്വാർ സന്യാസിയെപ്പോലെ തന്നെയുണ്ട്!"

ദുബായിലെ വലിയ ബിസിനസ്സ് തിരക്കുകളെല്ലാം മാറ്റിവെച്ച് ഓടിയെത്തിയ മുസ്തഫ മാധവനെ കെട്ടിപ്പിടിച്ചുകൊണ്ട് ഉറക്കെ ചിരിച്ചു. കൂടെ നാട്ടിലെ പ്രമുഖ മാധ്യമപ്രവർത്തകയും മികച്ച വനിതാ നേതാവുമായ ധന്യയുമുണ്ടായിരുന്നു. ചാനൽ ചർച്ചകളിലെ ഗാംഭീര്യവും കണിശതയുമെല്ലാം പടിക്കൽ ഉപേക്ഷിച്ച് അവൾ ആ പഴയ കോളേജ് കുമാരിയായി മാറി. വല്ലപ്പോഴും മാത്രം നാട്ടിൽ വരുന്ന മാധവനെ ഒടുവിൽ ഒന്നിച്ച് കിട്ടിയതിന്റെ സന്തോഷം ആ കൂട്ടായ്മയിൽ അലതല്ലി. എല്ലാവരും ഇപ്പോൾ ജീവിതത്തിൽ നല്ല നിലയിലാണ്. മക്കളൊക്കെ വളർന്നു, വലിയ അല്ലലില്ലാതെ സമാധാനത്തോടെയും സന്തോഷത്തോടെയുമാണ് എല്ലാവരുടെയും കുടുംബജീവിതം മുന്നോട്ട് പോകുന്നത്.

ചടങ്ങുകൾ പുരോഗമിക്കവെ, പട്ടുസാരിയുടുത്ത് മകളുടെ സന്തോഷത്തിൽ തിളങ്ങിനിന്ന വിന്ദുജ അവർക്കരികിലേക്ക് ഓടിയെത്തി. അവരെയും മാധവനെ യും കണ്ടതും അവളുടെ കണ്ണുകൾ പെട്ടെന്ന് ഈറനണിഞ്ഞു. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. സ്നേഹത്തോടെ അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു. ചടങ്ങിനിടയിൽ അതിഥികളോട് കുശലം പറച്ചിലുകളും പിന്നെ

സദസ്സിലിരിക്കുന്ന മാധവനെയും കൂട്ടുകാരെയും നോക്കി വികാരാധീനയായി അവൾ അടുത്ത ബന്ധുക്കളോട് സംസാരിക്കാൻ തുടങ്ങി:

"ഇന്ന് എന്റെ മകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. എന്റെ കുടുംബത്തോടൊപ്പം ഇവിടെ നിൽക്കുന്ന മൂന്ന് പേരുണ്ട്— എൻ്റെ കൂട്ടുകാർ ചിലർ.

ഗൾഫിൽ നിന്നും

മുസ്തഫയും, ഈ  ധന്യയും. പിന്നെ... ഡൽഹിയിൽ നിന്നും ഹരിദ്വാറിൽ നിന്നുമൊക്കെ ട്രെയിൻ കയറി ഓടിയെത്തിയ  മാധവനും.  ധന്യക്ക് നാട്ടാരെ വിചാരണ ചെയ്ത് ചെയ്ത് എങ്ങനെയോ നേരം കിട്ടി. എന്ന് എനിക്കറിയില്ല. ഏതേലും നാട്ടുകാർ അവളെ കൈ വെക്കാതെ നോക്കണം. ഇന്നലെ അവൾ അങ്ങനെ അല്ലെ    

മാധ്യമ  വിചാരണ ചെയ്ത് ചെയ്ത് ഇരുന്നത്.

ഇവൻ്റെ കാര്യം , എന്ന് വെച്ചാൽ

ഞങ്ങൾ ഒരേ മണ്ണിൽ വളർന്നവരാണ്, ഒരുമിച്ച് പഠിച്ചവരാണ്, ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. ജീവിതത്തിൽ എന്ത് പ്രതിസന്ധിയുണ്ടായാലും എനിക്ക് കണ്ണടച്ച് വിശ്വസിക്കാനും ധൈര്യമായി വിളിക്കാനും പറ്റുന്ന   

ആ, ഇവൻ, മാധവൻ..."

വിന്ദുവിന്റെ വാക്കുകൾ കേട്ട് മാധവന്റെ നെഞ്ച് സന്തോഷം കൊണ്ടും വികാരവായ്പ് കൊണ്ടും വിങ്ങിപ്പൊട്ടി. ആ സൗഹൃദത്തിന്റെ ആഴം ചുറ്റുമുള്ളവരും തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.

ചടങ്ങുകൾക്ക് ശേഷം ഹാളിന്റെ ഒരു കോണിൽ അവർ നാൽവരും സംസാരിച്ചിരിക്കുമ്പോഴാണ് അവിചാരിതമായി കോളേജിലെ ചില പഴയ സഹപാഠികൾ കൂടി അങ്ങോട്ട് കടന്നുവന്നത്. അതോടെ ആകെ ബഹളമായി. കൂട്ടത്തിൽ റഫീഖും ഷൈനിയും മാധവനെ നോക്കി കണ്ണിറുക്കി പല്ലിളിച്ചു. റഫീഖ് ഇന്ന് പഴയ ആളല്ല, വരികൾ കൊണ്ട് മലയാളി മനസ്സ് കീഴടക്കിയ ഒരു അറിയപ്പെടുന്ന സിനിമാ ഗാനരചയിതാവാണ് . റഫീഖ് മാധവന്റെ തോളിൽ തട്ടി ഉറക്കെ ചോദിച്ചു:"എടാ മാധവാ... ഓർമ്മയുണ്ടോ ആ പഴയ നീല ഡയറിയും കൊണ്ട് കവിതാ പ്രേമവുമായി നടന്ന കാലം? നീ അന്ന് എഴുതിയ കവിതകളൊക്കെ മോഷ്ടിച്ചാണ് ഞാൻ ഇന്ന് സിനിമയിൽ പാട്ടെഴുതുന്നത്.

"മാധവൻ അറിയാതെ ഒന്ന് ചമ്മി, മുഖം താഴ്ത്തി ചിരിച്ചു. കോളേജ് കാലത്ത് മാധവന് തോന്നിയിരുന്ന ആ 'വലിയ പ്രണയം'—ഒടുവിൽ അവൾ മാധവനെ ഒഴിവാക്കി മറ്റൊരാളുടെ കൂടെ പോയതും, അതറിഞ്ഞ് മാധവൻ താടിയും വളർത്തി 'ദേവദാസിനെപ്പോലെ' നടന്നതുമെല്ലാം മുസ്തഫയും ധന്യയും ചേർന്ന് വീണ്ടും ഓർത്തെടുത്തപ്പോൾ അവിടെ വലിയൊരു ചിരിയുണർന്നു. അന്ന് തകർന്നുപോയെന്ന് കരുതിയ ആ പഴയ പ്രണയപരാജയം ഇന്ന്, അൻപത്തിരണ്ടാം വയസ്സിൽ, വെറുമൊരു മധുരമുള്ള തമാശയും സൗഹൃദക്കൂട്ടത്തിലെ ചമ്മലുമായി മാറിയിരിക്കുന്നു. ഷൈനിയുടെ വക അടുത്ത ട്രോൾ കിട്ടി, ഈ പറേണ റഫീഖിൻ്റെ അന്നത്തെ ഓള് ആരാ ഇപ്പോ. ഇനി പറയണ്ട എന്ന് പറഞ്ഞ് ഷൈനിയുടെ വാ പൊത്തി, ധന്യ അപ്പൊ..

അപ്പൊ എന്താ ഉണ്ടല്ലേ , നാം അറിയാത്തത്.

കൂട്ടച്ചിരി മുഴങ്ങി, അവിടെ .

പലതും പറഞ്ഞ് അത് സദസ് അങ്ങനെ തുടർന്നു.

വിഭവസമൃദ്ധമായ സദ്യയും കഴിഞ്ഞ്, പഴയ ഓർമ്മകളെല്ലാം ഒന്നുകൂടി പുതുക്കി വൈകുന്നേരത്തോടെ എല്ലാവരും പിരിയാൻ തുടങ്ങി. മുസ്തഫയ്ക്ക് രാത്രി നെടുമ്പാശ്ശേരിയിൽ നിന്ന് ദുബായിലേക്ക് ഫ്ലൈറ്റുണ്ട്. ധന്യയ്ക്ക് രാത്രി ഒൻപത് മണിക്ക് ചാനലിൽ തത്സമയ ചർച്ചയിൽ പങ്കെടുക്കണം. വിന്ദുവിനോടും മകളോടും യാത്ര പറഞ്ഞ് മാധവനും തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു.രാത്രി ഒൻപത് മണിക്ക് ഡൽഹിയിലേക്കുള്ള മടക്ക ട്രെയിനിന്റെ അപ്പർ ബർത്തിൽ കിടക്കുമ്പോൾ മാധവന്റെ ചുണ്ടിൽ ഒരു ചെറിയ ചിരിയുണ്ടായിരുന്നു.വരുമ്പോൾ മനസ്സിലുണ്ടായിരുന്ന ആകാംക്ഷയ്ക്ക് പകരം ഇപ്പോൾ അവിടെ വല്ലാത്തൊരു ശാന്തതയും തൃപ്തിയുമാണ്. ട്രെയിൻ ഇരുട്ടിനെ കീറിമുറിച്ച് വീണ്ടും ഉത്തരേന്ത്യൻ സമതലങ്ങളിലേക്ക് കുതിച്ചുപാടിയുമ്പോഴും, ഗുരുവായൂരിലെ ആ മണ്ഡപവും, കൂട്ടുകാരുടെ പൊട്ടിച്ചിരികളും, റഫീഖിന്റെ കളിയാക്കലുകളും, വിന്ദുവിന്റെ  വാക്കുകളും മാധവന്റെ മനസ്സിൽ ഒരു നനുത്ത മന്ദമാരുതനായി വീശിക്കൊണ്ടേയിരുന്നു. വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഈ ഒത്തുചേരലുകളാണ് ജീവിതത്തെ എത്രമാത്രം മനോഹരമാക്കുന്നത് എന്ന് അയാൾ തിരിച്ചറിയുകയായിരുന്നു.

നന്ദി വിന്ദുജാ

നന്ദി ധന്യ

നന്ദി മുസ്തഫ

ശുഭം

രചന: സജീവൻ

14/06/2026

===================

ഒരു ഭൂകമ്പ രാത്രിയുടെ അടുത്ത സുപ്രഭാതം !! ഓർമ്മ കുറിപ്പ്.

ഒരു ഭൂകമ്പ രാത്രിയുടെ അടുത്ത സുപ്രഭാതം !!

====================

രചന: സജീവൻ 

22/03/2023

====================

ഇന്നലെ രാത്രി ഒരതിഥി വന്നിരുന്നു. ക്ഷണിക്കപ്പെടാത്ത ഒരു വിരുതൻ!


ദിവസത്തെ അധ്വാനം കഴിഞ്ഞ് കണ്ണൊന്നു പൂട്ടി മയങ്ങിയ നേരത്താണ് കട്ടിലൊന്ന് ആടിയത്. വെറുതെ ഒരു കുലുക്കം.


നെട്ടോട്ടത്തോടെ കണ്ണ് തുറന്നു നോക്കുമ്പോഴുണ്ട്, ദാ കിടക്കുന്നു പൂമുഖത്തെ ടീപ്പോയിയും ടിവിയും ഒന്നിച്ച് കഥകളിയാടുന്നു! 

അതോടെ എന്റെ ഉള്ളിലെ കിളികളെല്ലാം കൂടും കുടുക്കയുമെടുത്ത് ഒരൊറ്റ പറക്കലായിരുന്നു. പിന്നെ അവിടെ ഒരു കുരുവി പോലും ബാക്കിയുണ്ടായിരുന്നില്ല.


പെട്ടെന്നാണ് മണ്ടയ്ക്ക് വെളിച്ചം വീണത്. സംഗതി മറ്റൊന്നുമല്ല—ഒരു കുഞ്ഞൻ ഭൂമികുലുക്കം! 

അത്രയേ ഉള്ളൂ.


അപ്പോഴേക്കും ഫാക്ടറിയിലെ അപായ സൈറൺ മുഴങ്ങിത്തുടങ്ങി. അവിടെ എന്തെങ്കിലും ചെറിയൊരു പ്രകമ്പനം ഉണ്ടായാൽ അലാറം കൂവാൻ തുടങ്ങും. ആകെപ്പാടെ ഒരു ബുദ്ധിഭ്രമം വന്ന അവസ്ഥയായിരുന്നു എനിക്ക്.

ബോധോദയം ഉണ്ടായപ്പോൾ 'ഇനി എവിടെപ്പോയി ഒളിക്കും?' എന്ന ചിന്തയായി. 

ഒരു രണ്ട്-മൂന്ന് സെക്കൻഡ് കൊണ്ട് കുലുക്കം നിന്നിരുന്നു. ചിലപ്പോൾ പേടി കാരണം എനിക്ക് തോന്നിയതാവാം മൂന്ന് സെക്കൻഡ് എന്ന്. അതിൽ കൂടുതൽ സമയമുണ്ടായിരുന്നു എന്നാണ് പുറത്തുള്ള ചിലരൊക്കെ പറയുന്നത്.

ഇനി ആ 'അതിഥി' വീണ്ടും വന്നാലോ എന്ന് കരുതി അടുത്ത വഴി ആലോചിച്ചു. കട്ടിലിനടിയിൽ കയറി കിടന്നാലോ? 

എന്റെ ശരീരത്തിന്റെ വലിപ്പവും കട്ടിലിന്റെ അടിയിലെ വിടവും തമ്മിൽ ഒരു താരതമ്യ പഠനം ആ ചുരുങ്ങിയ സമയം കൊണ്ട് ഞാൻ നടത്തി നോക്കി. 

ഏതൊരാളും ചെയ്തു പോകും, കാരണം കിളികളെല്ലാം പോയി മണ്ട മരവിച്ചിരിക്കുകയല്ലേ! 

ഒടുവിൽ രണ്ടും കൽപ്പിച്ച് കട്ടിലിനടിയിൽ തന്നെ അഭയം പ്രാപിക്കാൻ ഉറപ്പിച്ചു.

അപ്പോഴാണ് താഴത്തെ നിലയിൽ നിന്ന് ഒരു വലിയ ബഹളം കേൾക്കുന്നത്. 

ഞാൻ താമസിക്കുന്നത് രണ്ടാം നിലയിലാണ്. താഴെയുള്ള താമസക്കാരെല്ലാം പേടിച്ച് കെട്ടിടത്തിന് പുറത്തേക്ക് ഓടുകയാണ്. 

ആ കൂട്ട പാച്ചിലിന്റെ ആരവമാണ് കേട്ടത്. അതോടെ എനിക്കും ആശ്വാസമായി. 

കൂട്ടത്തിൽ എന്റെ ഒരു ചങ്ങാതിക്ക് പെട്ടെന്ന് ഒരു സന്ദേശമയച്ചു: 

"മോനേ പ്രകാശാ, പണി പാളി എന്ന് തോന്നുന്നു, ഒരു ഭൂകമ്പം!"

 പക്ഷേ, അപ്പുറത്ത് നിന്ന് ഒരു മറുപടിയും വന്നില്ല. ഈ അസമയത്ത് ആരും ഫോണും നോക്കി ഇരിക്കില്ലല്ലോ എന്ന് കരുതി ഞാനും അത് വിട്ടു.

പെട്ടെന്നാണ് എന്റെ ഫോൺ ബെല്ലടിച്ചത്.

നോക്കുമ്പോൾ തൊട്ടടുത്ത മുറിയിലെ താമസക്കാരനാണ്. അവൻ താഴത്തെ നിലയിലാണ്. 

അവിടെ കുഴപ്പമൊന്നുമില്ലെന്ന് അവൻ പരിഭ്രമത്തോടെ പറഞ്ഞു. 

അവന്റെ സംസാരം കേട്ടപ്പോഴേ മനസ്സിലായി, കക്ഷിയുടെയും കിളികളെല്ലാം പണ്ടേ പറന്നുപോയിട്ടുണ്ടെന്ന്. 

വെറുതെ വറചട്ടിയിൽ കിടക്കുന്നവനെ എരിതീയിലേക്ക് തള്ളേണ്ടല്ലോ എന്ന് കരുതി ഞാൻ കൂടുതൽ ഒന്നും പറയാൻ പോയില്ല.

പിന്നെ, അവന് എന്നെക്കുറിച്ച് വലിയ വേവലാതിയൊന്നും ഇല്ലെന്നും എനിക്ക് തോന്നി.

 വൈകുന്നേരം അകത്താക്കിയ 'സാധനത്തിന്റെ' വീര്യം ആവിയായിപ്പോയ ലക്ഷണമുണ്ട്. ശബ്ദമൊന്നും പുറത്തേക്ക് വരുന്നില്ല. 

കിളികൾ പോയ കൂട്ടത്തിൽ അവന്റെ ഉച്ചഭാഷിണിയും കൊണ്ടുപോയി എന്ന് തോന്നുന്നു. പേടിച്ചിട്ടാണ്, അല്ലാതെന്താ! 

എങ്കിലും ഉള്ളിലെ ഭയം പുറത്തുകാണിക്കാതെ ഞാനും അല്പം ഗൌരവത്തിൽ തന്നെ നിന്നു.

നാട്ടിലെന്താണ് അവസ്ഥ എന്നറിയാൻ പെട്ടെന്ന് ടിവി ഓൺ ചെയ്തു വാർത്ത നോക്കി. ദാ കിടക്കുന്നു വെണ്ടയ്ക്ക അക്ഷരങ്ങളിൽ ഫ്ലാഷ് ന്യൂസ്!

"ഡൽഹിയിൽ ശക്തമായ ഭൂചലനം: റിച്ചർ സ്കെയിലിൽ 6 രേഖപ്പെടുത്തി."

പോരേ പൂരം

പിന്നീടാണ് അറിഞ്ഞത്, അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണിതെന്ന്. ഇനി പേടിക്കാനൊന്നുമില്ലെന്ന് വാർത്തയിൽ പറയുന്നുണ്ട്.

 അതുകൊണ്ട് തൽക്കാലം ചാനലുകാരെ വിശ്വസിച്ച് വീണ്ടും കിടക്കാം എന്ന് വിചാരിച്ചു. 

അല്ലാതെ ഇപ്പോൾ വേറെ വഴിയില്ലല്ലോ.

പക്ഷേ, അപ്പോഴും എന്റെ മനസ്സിൽ ഒരു ചോദ്യം ബാക്കിയായിരുന്നു. ഇവർക്കെന്താ ഡൽഹിയിൽ മാത്രമേ ഇത് അറിഞ്ഞുള്ളൂ? ഉത്തരാഖണ്ഡിൽ ഇതൊന്നും ഉണ്ടായില്ലേ? 

ഞാൻ കിടക്കുന്നത് ഈ ഉത്തരാഖണ്ഡിൽ ആണല്ലോ, അപ്പോൾ എനിക്കും ചോദിക്കാൻ അവകാശമില്ലേ? 'വിവരദോഷികൾ' എന്ന് മനസ്സാ പഴിപറഞ്ഞ് ഞാൻ വീണ്ടും കണ്ണുകളടച്ചു.

അപ്പോഴാണ് അടുത്ത പ്രശ്നം. പറന്നുപോയ കിളികളിൽ ചിലതൊക്കെ തിരിച്ചെത്തിയെന്ന് തോന്നുന്നു, 

കൂടെ ഒരു സംശയവും: "ഇനി ഉറങ്ങിക്കഴിഞ്ഞിട്ട് വീണ്ടും കുലുങ്ങിയാലോ? നാളത്തെ പ്രഭാതം ഞാൻ കാണുമോ?"

 ആലോചനകൾ കാടുകയറി, ഉറക്കം എന്നെ അനുഗ്രഹിക്കുന്ന ലക്ഷണമൊന്നും കണ്ടില്ല.

ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. മനസ്സിന് സമാധാനം തരാൻ ഒടുവിൽ ഒരു കാര്യം മാത്രം ചിന്തിച്ചു—ഇൻഷുറൻസ് കമ്പനിക്കാർ ഇപ്പോൾ എനിക്ക് വേണ്ടി ഭക്തിപൂർവ്വം പ്രാർത്ഥിക്കുന്നുണ്ടാവും! 

ഇല്ലെങ്കിൽ അവർ വിവരം അറിയുമല്ലോ. 

അതോടെ ചിന്ത വീണ്ടും വഴിമാറി.

നാളെ ഒരു 'സുപ്രഭാതം' പറയാൻ ഞാൻ ബാക്കിയില്ലെങ്കിൽ എന്റെ ചങ്കുകളായ കൂട്ടുകാരൊക്കെ എന്ത് വിചാരിക്കും?

പിന്നീട് എപ്പോഴോ കണ്ണൊന്നു മയങ്ങി. ആ മയക്കത്തിൽ ഞാനൊരു കാഴ്ച കണ്ടു: ഇൻഷുറൻസ് കമ്പനി ഓഫീസ്! അവിടെയുള്ളവർ ദൈവത്തിന് ഒരു കത്തെഴുതുകയാണ്—ഒരു കാരണവശാലും ഈ കെട്ടിടത്തിലുള്ള ആരെയും ഇപ്പോൾ അങ്ങോട്ട് കൊണ്ടുപോകരുത്’-- എന്ന്. പിന്നേയും കുറെ ആധാരങ്ങളും പേപ്പറുകളുമായി അവിടെ വലിയ കശപിശ നടക്കുന്നു. 

ദൈവവും ചിത്രഗുപ്തനും ഇൻഷുറൻസ് കമ്പനിക്കാരും തമ്മിലാണ് തർക്കം. 

ഒടുവിൽ എനിക്ക് ഒരു കാര്യം ബോധ്യമായി, ഇവർ എന്തൊക്കെയായാലും ഞങ്ങളെ ഇന്ന് രാത്രി യമപുരിയിലേക്ക് വിടില്ല!

 അത്രയും ശക്തമായ തെളിവുകളും പേപ്പറുകളുമാണ് അവർ ചിത്രഗുപ്തന്റെ തടിച്ച പുസ്തകത്തിലേക്ക് തിരുകിക്കയറ്റി വാദിക്കുന്നത്. വാദപ്രതിവാദങ്ങൾ അസാധാരണം വിധം പൊടിപൊടിച്ചു. 

അതോടെ മയക്കം നല്ല കട്ടി ഉറക്കത്തിലേക്ക് വഴിമാറി.

ഏതാണ്ട് പുലർച്ചെ രണ്ട് മണിയായപ്പോൾ ഒരു മുത്തൻ കൊതുക് വന്ന് ചെവിയുടെ അസ്ഥിവാരത്തിൽ ഇരുന്ന് ഭൈരവി പാടാൻ തുടങ്ങി. 

യുദ്ധം കഴിഞ്ഞ് ക്ഷീണിച്ചു കിടക്കുന്ന നേരത്താണ് അവന്റെ ഒരു മൂളിപ്പാട്ട്! ഈ അഞ്ചടി പത്തിഞ്ചുകാരനായ എന്റെ ചോര കുടിക്കാൻ പറ്റാത്തതിന്റെ കലിപ്പ് തീർക്കാൻ  ഉറക്കം കളയാൻ ഇറങ്ങിയിരിക്കുകയാണ് പുള്ളി. 

ഈ കൊതുകിന്റെ ദേഹത്ത് ഏതോ പ്രേതം കൂടീട്ടുണ്ടെന്ന് ഉറപ്പാണ്. ഞാൻ വേഗം കിടന്ന കമ്പിളിപ്പുതപ്പ് തലവഴി മൂടി, കൊതുകിനോട് 'സലാം' പറഞ്ഞ് വീണ്ടും ഉറങ്ങി.

പിന്നെ ദാ... അലാറം 

ഫോണിൽ നിന്ന് നിർത്താതെയുള്ള ഒച്ചപ്പാട്!

അലാറം എന്ന വിദ്യ കണ്ടുപിടിച്ചവനെ സ്മരിച്ചുകൊണ്ട് അത് ഓഫാക്കി.  ഞാൻ തന്നെ വെച്ച അലാറമാണ്, എന്ത് ചെയ്യാൻ! 

ഞാനങ്ങാനും ഒരു മന്ത്രിയായാൽ ആദ്യം നിരോധിക്കുക ഈ അലാറം ആയിരിക്കും എന്ന് മനസ്സാ പ്രതിജ്ഞയെടുത്തു. അലാറം അടിച്ച് ഉണർന്ന്, അത് ഓഫ് ചെയ്തിട്ട് പിന്നെയൊരു കിടപ്പുണ്ടല്ലോ... ആ സുഖം ഉണ്ടല്ലോ എന്റെ സാറേ, അത് വേറെ ഒന്നിനും കിട്ടില്ല!

പക്ഷേ, രാത്രിയിലെ ഭൂകമ്പത്തിന്റെ കാര്യം പെട്ടെന്ന് ഓർമ്മ വന്നപ്പോൾ ഞാൻ ചാടിയെഴുന്നേറ്റ് പുറത്തേക്കോടി.

താഴത്തെ നിലയിലെത്തിയപ്പോൾ ദാ വരുന്നു എന്റെ പ്രകാശൻ! മുഖം കണ്ടാൽ കടന്നൽ കുത്തിയതുപോലെ ഇരിക്കുന്നു.

 ആകെ വീർപ്പിച്ചു കെട്ടി ഒരു വരുവാണ് കക്ഷി. ഞാൻ രാത്രി സന്ദേശമയച്ച ആളാണ്. മറുപടി തരാത്തതിൽ എനിക്ക് പരിഭവമൊന്നും ഉണ്ടായിരുന്നില്ല.

 എങ്കിലും ഇന്നലത്തെ വിശേഷം ഒന്ന് ചോദിക്കാമല്ലോ എന്ന് കരുതി ഞാൻ അടുത്തുചെന്നു: "എന്തൂട്ടാ പ്രകാശാ, ഇന്നലത്തെ ഭൂകമ്പം നീയറിഞ്ഞില്ലേ?"

അവൻ എന്നെ ഒന്നുതുറിച്ച് നോക്കി. എന്നിട്ട് അവൻ പറഞ്ഞ കഥ കേട്ടപ്പോൾ എന്റെ കിളികൾ മാത്രമല്ല, ഉള്ളിലെ സർവ്വ ചരാചരങ്ങളും പാറിപ്പോയ അവസ്ഥയായി!

ഇന്നലെ രാത്രി അവനും വേറെ മൂന്ന് കൂട്ടുകാരും കൂടിയാണ് ഒരേ മുറിയിൽ കിടന്നിരുന്നത്. വൈകുന്നേരം മൂന്നുപേരും കൂടി ചെറിയൊരു 'സഭാകൂടൽ' ഒക്കെ നടത്തിയിട്ടുണ്ടായിരുന്നു. ചങ്കുകൾ എന്ന് പറഞ്ഞാൽ പോരാ,  കരള് ഒന്നായ കട്ട ചങ്കുകളാണെന്നാണ് ഭാവം. ഭൂമി കുലുങ്ങുന്ന നേരത്ത് നമ്മുടെ പ്രകാശൻ നല്ല ആഴത്തിലുള്ള ഉറക്കത്തിലായിരുന്നു. അവൻ ഈ ബഹളമൊന്നും അറിഞ്ഞതേയില്ല. കൂടെയുള്ളവർ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ഭൂമി കുലുങ്ങിയതും അവർ നാലുപാടും നോക്കാതെ പുറത്തേക്ക് ഒരൊറ്റ ഓട്ടം! ഓടുന്നതിന് മുൻപ് പ്രകാശനെ നോക്കിയപ്പോൾ അവൻ സുഖമായി ഉറങ്ങുകയാണ്. അതുകൊണ്ട് അവർ അവനെ വിളിച്ചില്ലത്രേ! പോരേ പൂരം?

ഭൂമി കുലുങ്ങുമ്പോൾ ഉറക്കം കളയണോ അതോ ജീവൻ രക്ഷിക്കണോ എന്ന ചോദ്യത്തിന്, അവർ അവന്റെ 'ഉറക്കത്തിന്' മുൻതൂക്കം നൽകി!

രാവിലെ എഴുന്നേറ്റ് എന്റെ മെസ്സേജ് കണ്ടപ്പോഴാണ് പ്രകാശൻ ഇങ്ങനെ ഒരു ഭൂകമ്പം ഉണ്ടായ വിവരം അറിയുന്നത് തന്നെ. ഈ വിശേഷം ബാക്കിയുള്ളവരെ അറിയിക്കാൻ വേണ്ടി, ഏഴു മണിക്ക് എഴുന്നേൽക്കുന്ന മറ്റേ രണ്ടിണ്ണങ്ങളെയും അവൻ തട്ടിയുണർത്തി. കാര്യം അറിഞ്ഞ സന്തോഷത്തിൽ പറയുകയാണ്. അപ്പോഴല്ലേ കളി മാറിയത്! ഉറക്കം കെട്ട ഭ്രാന്തിൽ നേരം വെളുക്കുമ്പോൾ തന്നെ അവിടെയും ഇവിടെയും തൊടാത്ത നല്ല ഒന്നാന്തരം തെറികളാണ് അവർ പ്രകാശന് വിളമ്പിയത്.

അവൻ കാര്യം ഗൌരവമായി പറഞ്ഞപ്പോൾ കൂട്ടത്തിൽ ഒരുത്തൻ കൂളായി പറയുകയാണ്:  "അതേടാ, ഞങ്ങളൊക്കെ പേടിച്ച് പുറത്തേക്ക് ഓടി. നീ നല്ല ഉറക്കത്തിലായതോണ്ട് നിന്റെ ഉറക്കം കളയണ്ട എന്ന് കരുതി വിളിക്കാഞ്ഞതാ!"

അതോടെ പ്രകാശന്റെ ഉള്ളിലെ ബാക്കി കിളികളും പറന്നുപോയി. ആകെ കാറ്റുപോയ ബലൂൺ പോലെ വരികയാണ് കക്ഷി. മുന്നിൽ പെട്ടത് ഞാനും.

കേട്ടപ്പോൾ എന്റെ നാവിൽ നിന്നും അറിയാതെ വീണുപോയി:  "ഉം... നല്ല കട്ടച്ചങ്ക് ഫ്രണ്ട്സ്!"

അവനെ ആശ്വസിപ്പിക്കാൻ ഞാൻ പറഞ്ഞു: "അത് സാരമില്ലെടാ, പോട്ടെ..."

അവൻ എന്നോട് നേരിട്ട് പറഞ്ഞില്ലെങ്കിലും, അവന്റെ ആത്മഗതം കാറ്റിൽ പറക്കുന്നുണ്ടായിരുന്നു:  "അതേടാ, എന്റെയല്ലേ ജീവൻ... അവന്മാർക്ക് എന്താ!"

പിന്നെയും അവൻ മനസ്സിൽ എന്തൊക്കെയോ തെറികൾ ഉരുവിടുന്നുണ്ടായിരുന്നു. കൂടുതൽ കേൾക്കാൻ നിൽക്കാതെ ഞാൻ അവിടുന്ന് വേഗം മുങ്ങി.

എന്നിട്ടിപ്പോൾ ഞാൻ ഇതാ സുഖമായി ദോശയും സാമ്പാറും കഴിച്ച് ഇവിടെ ഇരിക്കുന്നു.

ഭക്ഷണം മെസ്സിൽ നിന്നയതുകൊണ്ട്  വേറെ വഴിയില്ലല്ലോ..അവിടെ ഇരുന്ന് ദോശ കഴിക്കുമ്പോഴും പ്രകാശിൻ്റെ  കാര്യം ആണ് മനസിൽ. 

റൂമിൽ വന്ന് പതിവുപോലെ  എല്ലാവർക്കും സുപ്രഭാതം എഴുതുമ്പോൾ ഞാൻ ചിന്തിക്കുകയാണ്—ഇൻഷുറൻസ് കമ്പനിക്കാർ എനിക്ക് വേണ്ടി ദൈവത്തോട് നടത്തിയ ആ വാദപ്രതിവാദങ്ങൾ ആരും കേട്ടില്ലല്ലോ, അല്ലേ? എന്ന്. 

എന്തായാലും, ഒരു സുപ്രഭാതം കൂടി കാണാൻ കഴിഞ്ഞത് വലിയൊരു സൌഭാഗ്യം തന്നെ. 

അല്ലാതെന്താ പറയാൻ!

എല്ലാവർക്കും ഹൃദയം നിറഞ്ഞ സുപ്രഭാതം! എന്ന് നേർന്ന് കൊണ്ട് ഞാൻ വാട്സ്ആപ്പ് അടച്ചു വെച്ചു. 


ശുഭം 

സജീവൻ 

22.03.2023

Wednesday, June 17, 2026

അവസാനം... ഒടുവിൽ അവൾക്കായി!

Sunday, July 24, 2016

=====================

രചന : സജീവൻ

24 ജൂലൈ 2016.

ഒരു ഞായറാഴ്ചയുടെ തുടക്കം. 

=====================

ഞായറാഴ്ചകളുടെ പ്രഭാതങ്ങൾക്ക് ഞങ്ങളുടെ വീട്ടിൽ എപ്പോഴും വെളിച്ചെണ്ണയുടെ മണമാണ്. മൂത്തുവിറച്ച കാച്ചിയ വെളിച്ചെണ്ണ തലയിൽ തേച്ചുപിടിപ്പിച്ചു തരുന്ന ആ പഴയ ഞായറാഴ്ചകൾ. പക്ഷേ, പതിവുപോലെ അന്നും എന്റെ ഉള്ളിൽ കനലരിഞ്ഞു തുടങ്ങിയിരുന്നു. "ഉണ്ണിമോളെ... ഇങ്ങോട്ട് വന്നേ, മുടി കോതിയൊതുക്കാം..."

അടുക്കളയിൽ നിന്ന് അമ്മയുടെ വിളി വന്നപ്പോഴേ എന്റെ ചുണ്ടുകൾ കോടി. വിളി എനിക്കല്ല, എന്റെ ചേച്ചിക്കാണ്. അമ്മയ്ക്ക് എപ്പോഴും ചേച്ചിയെ മതി. ആദ്യത്തെ കണ്മണിയോടുള്ള ആ പ്രത്യേക വാത്സല്യം കാണുമ്പോൾ എന്റെ കൗമാരമനസ്സിൽ ഒരു കുസൃതിക്കുശുമ്പ് പുകയാൻ തുടങ്ങും. 'ഞാൻ ഈ വീട്ടിൽ ആരുമല്ലല്ലോ' എന്ന കടുംപിടുത്തത്തോടെ ഞാൻ ജനലരികിലേക്ക് മാറിനിന്നു. മനസ്സിന്റെ അമർഷം മുഖത്ത് വലിഞ്ഞുമുറുകി. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഞാൻ പുറത്തേക്ക് നോക്കി. ജനലിലൂടെ വന്ന കാറ്റ് എന്റെ അഴിച്ചിട്ട മുടിയിഴകളെ തഴുകിയപ്പോൾ എനിക്ക് അമ്മയോട് കൂടുതൽ ദേഷ്യം തോന്നി—'എന്റെ മുടി കാറ്റിന് പോലും നോക്കാൻ അറിയാം, അമ്മയ്ക്ക് മാത്രം അറിയില്ല!

കയ്യിൽ ചൂടുള്ള ഉപ്പുമാവ് പാത്രവുമായി അച്ഛൻ ആ മുറിയിലേക്ക് വന്നത് അപ്പോഴാണ്. ജനലിലൂടെ പുറത്തെ മാവിൻചില്ലകൾ നോക്കി നിൽക്കുന്ന എന്റെ മുഖത്തെ ചെറിയ പരിഭവങ്ങൾ അച്ഛൻ പെട്ടെന്ന് തിരിച്ചറിഞ്ഞു. "എന്താ നിന്റെ പരിഭവം? എന്തുപറ്റി മോളേ...?" 

അച്ഛൻ മെല്ലെ ചോദിച്ചു.

ആ വാക്കുകൾ കേട്ടതും എന്റെ ഉള്ളിലെ സങ്കടത്തിന്റെ അണക്കെട്ട് പൊട്ടി. അപ്പോഴും അമ്മ അതൊന്നും ശ്രദ്ധിക്കാതെ, അതീവ വാത്സല്യത്തോടെ ചേച്ചിയുടെ മുടിയിൽ എണ്ണ തേച്ചുപിടിപ്പിക്കുകയായിരുന്നു. 

ചേച്ചിയുടെ കണ്ണുകൾ അടഞ്ഞിരുന്നു, അമ്മയുടെ വിരലുകൾ അവളുടെ തലയോട്ടിയിൽ തലോടുമ്പോൾ അനുഭവപ്പെടുന്ന ആ സുഖത്തിൽ അവൾ പ്രപഞ്ചം മറന്നു ഇരിക്കുകയാണ്. അമ്മയുടെ ആ സ്നേഹപ്രകടനം കാണുമ്പോൾ എനിക്ക് അസൂയ മൂത്തു.

 "എപ്പോഴും ചേച്ചിയെ ആദ്യം... ഞാൻ എപ്പോഴും രണ്ടാമത്!

 ചേച്ചിക്ക് കൊടുക്കുന്ന ആ സ്നേഹം എനിക്ക് തരുമ്പോൾ അമ്മയ്ക്ക് എന്താ

 കുറഞ്ഞുപോവുക?" എന്റെ മനസ്സ് വീണ്ടും പുകഞ്ഞു. കൺകോണിൽ ഒരു നീറ്റൽ പടർന്നു, രണ്ടു തുള്ളി കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി. ഞാൻ അത് വേഗം തുടച്ചുമാറ്റി.

 പക്ഷേ, അമ്മ തിരിഞ്ഞു നോക്കിയപ്പോൾ ആ കണ്ണ് തുടയ്ക്കൽ കണ്ടു. അമ്മയുടെ കണ്ണുകളിൽ ഒരു നിമിഷം ദേഷ്യവും, തൊട്ടടുത്ത ക്ഷണത്തിൽ അളക്കാനാവാത്ത എന്തോ ഒരു വികാരവും മിന്നിമറഞ്ഞു. 

ആ നോട്ടം താങ്ങാനാവാതെ ഞാൻ മുഖം തിരിച്ചു.  ഞാൻ എന്തോ വിളിച്ചുപറയാൻ ആഞ്ഞതാണ്.

 പക്ഷേ അച്ഛൻ ഇടപെട്ടു: 

"അത് ശരിയാ... എപ്പോഴും അങ്ങനെ ചെയ്യാൻ പാടില്ല. രണ്ടാമത്തെ ആൾക്കും ഒരേ പരിഗണന കൊടുക്കണം. "

അമ്മ അച്ഛനെ രൂക്ഷമായി ഒന്നു നോക്കി. അച്ഛൻ അതൊന്നും വകവെക്കാതെ ഉപ്പുമാവ് കഴിക്കാൻ തുടങ്ങി. 

അച്ഛൻ എന്റെ പക്ഷം പിടിച്ചപ്പോൾ എനിക്ക് വല്ലാത്തൊരു ആശ്വാസവും ഒപ്പം ഉള്ളിൽ ഒരു കുസൃതിവിജയത്തിന്റെ ഭാവവും തോന്നി. ഞാൻ അച്ഛന്റെ അരികിലേക്ക് കൊഞ്ചിക്കൊണ്ട് ചെന്നു. 


"എപ്പോഴും അങ്ങനെയാ അച്ഛാ ഈ അമ്മ... ഞാൻ എപ്പോഴും പിന്നിലാണ്, അല്ലേ? "

അച്ഛൻ പാത്രത്തിൽ നിന്നും തലയുയർത്തി എന്നെ നോക്കി.

 സ്നേഹം കൂടുമ്പോൾ മാത്രം വിളിക്കുന്ന ആ ശൈലിയിൽ അച്ഛൻ പറഞ്ഞു:

 "അല്ലടാ മോനേ..."

"നിന്നോടുള്ള സ്നേഹം ചിലപ്പോൾ നിനക്ക് തോന്നുന്നത് പോലെയല്ല. അമ്മയ്ക്ക് രണ്ടു മക്കളും ഒരേപോലെയാണ്. നീ ആഫ്രിക്കയിലെ കുട്ടികളുടെ കാര്യമൊക്കെ ഒന്ന് ആലോചിച്ചു നോക്കൂ... അവർക്ക് ഈ എണ്ണ തേക്കാനും വഴക്കിടാനും ഒക്കെ ഒരു അമ്മയുണ്ടോ? "

അച്ഛൻ ഒരു ബന്ധവുമില്ലാത്ത ആഫ്രിക്കൻ കഥ പറഞ്ഞപ്പോൾ എന്റെ സങ്കടമൊക്കെ മാറി ദേഷ്യം വന്നു. അപ്പോഴേക്കും അമ്മ ചേച്ചിയുടെ മുടി കെട്ടിവെച്ച് കഴിഞ്ഞ് എണ്ണപ്പാത്രവുമായി എന്റെ നേർക്ക് തിരിഞ്ഞിരുന്നു. 

ഇനി അമ്മയുടെ വക 'എണ്ണക്കണ്ണീരിന്റെ' പ്രഭാഷണം തുടങ്ങും. ഞാനും ചേച്ചിയും അച്ഛനും കേട്ട് മടുത്തതാണ് അത്.

 അമ്മയുടെ ആ വഴക്ക് കേൾക്കാതിരിക്കാൻ അച്ഛൻ പതിയെ ഉപ്പുമാവ് പാത്രവുമെടുത്ത് പുറത്തെ മുറിയിലേക്ക് വലിഞ്ഞു.

 അവിടെയിരുന്ന് രാമായണം കേട്ടുകൊണ്ട് അച്ഛൻ സമാധാനമായി ഭക്ഷണം കഴിക്കാൻ തുടങ്ങി. അച്ഛൻ അങ്ങനെയൊരു 'എനർജി സേവിങ്' ടാക്റ്റിക്സ് എപ്പോഴും പുറത്തെടുക്കാറുണ്ട്. 

 ഞാൻ വീണ്ടും ജനലരികിലേക്ക് നോക്കി നിന്നു. മനസ്സിന് ഒരല്പം ശാന്തി വേണം. കൗൺസിലിംഗ് ടീച്ചർ അമ്മയോട് പറഞ്ഞിട്ടുണ്ട്, ഈ പ്രായത്തിൽ കുട്ടികൾക്ക് ഇങ്ങനെയൊക്കെ കുശുമ്പും ദേഷ്യവും തോന്നുന്നത് സ്വാഭാവികമാണെന്ന്.

 അതുകൊണ്ട് ചേച്ചിയെ എങ്ങനെ ഒന്ന് അമ്മയെക്കൊണ്ട് ചീത്ത കേൾപ്പിക്കാം എന്ന കുസൃതി നിറഞ്ഞ 'പാര'കളെക്കുറിച്ചാണ് ഞാൻ ചിന്തിച്ചത്.

പെട്ടെന്ന് അച്ഛൻ എന്നെ വീണ്ടും അരികിലേക്ക് വിളിച്ചു. അച്ഛൻ കാപ്പി കുടിക്കുകയായിരുന്നു. 

ഒപ്പം ഇന്നലെ ആരോ കൊടുത്ത ഒരു പുതിയ ഡയറിയും പേനയും മേശപ്പുറത്തിരിപ്പുണ്ട്. 

 "നിന്റെ മനസ്സിൽ ഉണ്ടായ ഇന്നത്തെ ദുഃഖം, ഈ വിഷമം... ഒക്കെ ഇതിലേക്ക് എഴുതൂ. ഒരു കഥ പോലെ. അച്ഛൻ സഹായിക്കാം,"

 അച്ഛൻ പേന എന്റെ കയ്യിലേക്ക് തന്നു.  "എന്താ അച്ഛാ ഇത്... എനിക്ക് വയ്യ," 

 ഞാൻ വീണ്ടും കൊഞ്ചി."എഴുതടാ മോനേ..." 

അച്ഛൻ വിട്ടില്ല. ആ സ്നേഹവിളിക്ക് മുന്നിൽ എനിക്ക് തോൽക്കേണ്ടി വന്നു. ഞാൻ പേനയെടുത്ത് ഡയറിയുടെ വെളുത്ത താളുകളിലേക്ക് എന്റെ മനസ്സിന്റെ കുറുമ്പുകളും സങ്കടങ്ങളും കോറിയിട്ടു. ഞാൻ എഴുതിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അമ്മയുടെ ഉച്ചത്തിലുള്ള വിളി വന്നു: "ഡീ... എത്ര നേരമായി ഞാൻ ഈ കുട്ടിക്ക് വേണ്ടി കാത്തിരിക്കുന്നു! അവസാനം അവൾ വരികേയേ ഇല്ലേ? എന്നിട്ട് സങ്കടം പറഞ്ഞോളും! "

അമ്മയുടെ ആ വിളിയിൽ ദേഷ്യമായിരുന്നില്ല, മറിച്ച് നേരം വൈകുന്നതിലുള്ള വ്യാകുലതയായിരുന്നു. ചേച്ചിയുടെ മുടി ഒതുക്കാൻ അമ്മ എടുത്തതിനേക്കാൾ കൂടുതൽ സമയം അമ്മ എനിക്കായി മാറ്റിവെച്ചിട്ടുണ്ടെന്ന് ആ വിളിയിൽ എനിക്ക് മനസ്സിലായി. ആ സ്നേഹം തിരിച്ചറിഞ്ഞപ്പോൾ ഉള്ളിലെ കുറുമ്പ് പതുക്കെ അലിഞ്ഞുപോയി. ഇനിയും വൈകിയാൽ അമ്മയുടെ വഴക്ക് നീളും. അതുകൊണ്ട് ഈ കഥ ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്. 

അതെ, ഒടുവിൽ... അവസാനം എന്റെ എണ്ണ തേക്കുന്ന ഊഴം എത്തിക്കഴിഞ്ഞു. അമ്മയുടെ കൈകളുടെ ചൂടിലേക്കും സ്നേഹത്തിലേക്കും ഞാൻ നടന്നു നീങ്ങി.

ഈ കഥ ഇവിടെ അവസാനിക്കുന്നു....

ശുഭം!

(ശ്രീലയുടെ ചിന്തകൾ ഇവിടെ തീരുന്നു. അവൾ ഡയറി മടക്കി അമ്മയുടെ മടിയിലേക്ക് തലവെച്ചു കിടക്കുമ്പോൾ, അമ്മയുടെ വിരലുകൾ അവളുടെ തലമുടിയിൽ പടർന്നപ്പോൾ, അവൾ അറിഞ്ഞു—അമ്മയുടെ ആദ്യത്തെ വിളി ചേച്ചിക്കായിരുന്നെങ്കിലും, അമ്മയുടെ ഉള്ളിലെ ഏറ്റവും ആഴമേറിയ വാത്സല്യത്തിന്റെ തലോടൽ എപ്പോഴും ഈ അനിയത്തിക്കുട്ടിക്കുള്ളതായിരുന്നു എന്ന്!

സജീവൻ

24/07/2016

വീട്ടിലെ ഒരു നിത്യ സംഭവമായി താരതമ്യം ചെയ്ത് ഒരു മോളുടെ ഭാവനയിൽ എഴുതിയ കഥ ആണിത്..