Thursday, June 18, 2026

യാത്രയിലെ അനുഭവം .....

യാത്രയിലെ അനുഭവം...
രചന : സജീവൻ. 13.06.2026
======================
ന്യൂഡൽഹിയിൽ നിന്നും തിരുവനന്തപുരം വരെ പായുന്ന കേരളാ എക്സ്പ്രസിന്റെ ഒരു ജനാലയ്ക്കരികിലിരുന്ന് ഞാൻ പുറത്തേക്ക് നോക്കി. ട്രെയിൻ വിട്ടത് മുതൽ മനസ്സിൽ കോരിയിട്ട ആഹ്ലാദമായിരുന്നു. ജോലിത്തിരക്കുകൾക്കിടയിൽ നിന്നും കിട്ടിയ കുറച്ചു ദിവസത്തെ ലീവ്. പോക്കറ്റിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയുടെ മകളുടെ വിവാഹനിശ്ചയത്തിനുള്ള ക്ഷണക്കത്തുണ്ട്. നാട്ടിലെത്തണം, കൂട്ടുകാരെ കാണണം, ആഘോഷിക്കണം... ട്രെയിനിന്റെ താളത്തിനൊപ്പം എന്റെ മനസ്സും പാടുകയായിരുന്നു.
പാലക്കാട് ജംഗ്ഷനിൽ വണ്ടി നിർത്തിയപ്പോഴാണ് ആ വലിയ സംഘം എന്റെ കൂപെയ്ക്ക് മുന്നിലേക്ക് വന്നത്.
ഏകദേശം അറുപത് വയസ്സ് തോന്നിക്കുന്ന ഒരു അമ്മയാണ് മുന്നിൽ. ഒപ്പം ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന മൂന്ന് യുവാക്കളും രണ്ട് യുവതികളും ഉണ്ട്. അമ്മയെ അവർ ട്രെയിനിലേക്ക് കയറ്റി ഇരുത്തി. ആ അമ്മയോടുള്ള അവരുടെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു ബഹുമാനവും കൗതുകവും തോന്നി. അത്രയേറെ കരുതലും സ്നേഹവുമായിരുന്നു ആ മക്കൾക്ക്.
ഒരാൾ ബാഗുകൾ കൃത്യമായി എടുത്തു വെക്കുന്നു. മറ്റൊരു മകൻ അമ്മയ്ക്ക് ഇരിക്കാനായി വിരിയെല്ലാം മാറ്റി വൃത്തിയായി വിരിച്ചു കൊടുക്കുന്നു. പെൺകുട്ടികൾ അമ്മയുടെ കൈകൾ ചേത്തുപിടിച്ച് യാത്രയിലുടനീളം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സ്നേഹത്തോടെ ഉപദേശിച്ചുകൊണ്ടിരുന്നു. അവരുടെ സ്നേഹപ്രകടനങ്ങൾ കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി.
പെട്ടെന്ന് ട്രെയിൻ മെല്ലെ ചലിക്കാൻ തുടങ്ങി. അവർ ആ അമ്മയോട് യാത്ര പറഞ്ഞ് വേഗം പുറത്തേക്കിറങ്ങി. പ്ലാറ്റ്‌ഫോമിൽ നിന്നുകൊണ്ട് വണ്ടി നീങ്ങുന്നത് വരെ അവർ അമ്മയ്ക്ക് നേരെ കൈവീശിക്കൊണ്ടിരുന്നു.
ഇപ്പോൾ ആ സെക്ഷനിൽ ഞാനും ആ അമ്മയും മാത്രമായി. സൈഡ് സീറ്റിൽ ഒരു ആന്ധ്രാ സ്വദേശികളായ കുടുംബമുണ്ട്. അവർ അവരുടെ ലോകത്താണ്.
പെട്ടെന്നാണ് ആ അമ്മയുടെ മുഖത്തേക്ക് ഞാൻ നോക്കിയത്. ജനാലയ്ക്ക് പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്ന ആ അമ്മയുടെ കണ്ണുകളിൽ നിന്നും കണ്ണീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു! ശബ്ദമില്ലാതെ, ഉള്ളുരുകി അവർ കരയുകയാണ്.
അതുവരെ മനസ്സ് നിറയെ സന്തോഷമായിരുന്ന എനിക്ക് അതൊരു വല്ലാത്ത കാഴ്ചയായിരുന്നു. അമ്മയെ യാത്രയാക്കാൻ വന്ന ആ മക്കളുടെ സ്നേഹം കണ്ടിട്ടാകാം, അവരെ പിരിഞ്ഞ സങ്കടത്തിലാവും അമ്മ കരയുന്നത് എന്ന് ഞാൻ കരുതി.
ഇടയ്ക്ക് കരച്ചിലടക്കാൻ ശ്രമിച്ചുകൊണ്ട് അമ്മ എന്നെ നോക്കിയപ്പോൾ, ഞാൻ ആശ്വാസമെന്നോണം മെല്ലെ ചോദിച്ചു:
"അമ്മയെ കൊണ്ടാക്കാൻ ഒത്തിരി പേര് വന്നല്ലോ... അവരെയൊക്കെ പിരിഞ്ഞു പോന്നപ്പോ സങ്കടം ആയോ അമ്മേ?"
എന്റെ ചോദ്യം കേട്ട് ആ അമ്മ കുറച്ചുനേരം എന്നെത്തന്നെ നോക്കി. ആ കണ്ണുകളിൽ മക്കൾ പോയതിന്റെ സങ്കടമായിരുന്നില്ല, മറ്റേതോ വലിയൊരു ശൂന്യതയായിരുന്നു. അവർ പതിയെ കണ്ണ് തുടച്ചുകൊണ്ട് എന്നോട് സംസാരിക്കാൻ തുടങ്ങി.
അവരുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു.
യാത്രയാക്കാൻ വന്നത് അവരുടെ സ്വന്തം മക്കളായിരുന്നില്ല, മരിച്ചുപോയ ഇളയ അനിയന്റെ മക്കളും അവരുടെ കൂട്ടുകാരുമായിരുന്നു. അനിയൻ മരിച്ചിട്ട് പത്ത് ദിവസത്തെ ചടങ്ങുകൾ കഴിഞ്ഞു മടങ്ങുകയാണ് ആ അമ്മ. ക്യാൻസർ എന്ന മഹാമാരിയുടെ പിടിയിലകപ്പെട്ട്, വളരെ ദയനീയമായ അവസ്ഥയിലായിരുന്നു ആ അനിയന്റെ അന്ത്യം.
ആ അനിയന് ഈ ചേച്ചി വെറുമൊരു സഹോദരി മാത്രമായിരുന്നില്ല, എല്ലാമെല്ലാമായിരുന്നു. അതുകൊണ്ട് തന്നെ അവന്റെ വേർപാട് ആ അമ്മയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
"എന്റെ അനിയന്റെ മക്കൾ നല്ല നിലയിൽ പഠിക്കുന്നവരാ മോനേ..." അമ്മ വിതുമ്പലോടെ പറഞ്ഞു. "മോൻ തൃശൂരിൽ വെറ്റിനറി ഡോക്ടറാകാൻ പഠിക്കുന്നു. മോൾക്ക് ഹൗസ് സർജൻസിയുടെ അവസാന വർഷമാണ്. അച്ഛന്റെ മരണം ആ കുട്ടികളെ ആകെ തളർത്തിയിരിക്കുകയാണ്."
അമ്മ വീണ്ടും ജനാലയ്ക്ക് പുറത്തേക്ക് നോക്കി. അവരുടെ മനസ്സിൽ ആ അനിയന്റെ കുടുംബത്തിന്റെ ഓർമ്മകളായിരുന്നു. അനിയന്റെ ഭാര്യയ്ക്ക് വെറും നാൽപ്പത്തിയഞ്ച് വയസ്സ് മാത്രമേയുള്ളൂ. ഒരു ചെറിയ കച്ചവടമായിരുന്നു അനിയന്. ഒരുപാട് ആഗ്രഹിച്ച് വെച്ച വീടിന്റെ പണി പോലും ഇതുവരെ മുഴുവനായി തീർന്നിട്ടില്ല. അതിനിടയിലാണ് താങ്ങായിരുന്ന മനുഷ്യൻ പെട്ടെന്ന് ഒഴിഞ്ഞുപോയത്. ഇനിയങ്ങോട്ട് ആ കുടുംബം എങ്ങനെ ജീവിക്കുമെന്ന ആകുലതകളിൽ ആ അമ്മയുടെ മനസ്സ് നീറുകയായിരുന്നു. ആലോചിക്കുംതോറും അവരുടെ കണ്ണീരിന്റെ വേഗത കൂടി വന്നു.
അമ്മയുടെ സങ്കടം കേട്ടപ്പോൾ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. ജോലിസ്ഥലത്തു നിന്നും വരുമ്പോൾ മനസ്സിലുണ്ടായിരുന്ന ആഘോഷത്തിന്റെ മൂഡ് എവിടെയോ മറഞ്ഞുപോയി. ജീവിതം എത്ര പെട്ടെന്നാണ് ചിലരെ അനാഥരാക്കിക്കളയുന്നത്!
വണ്ടി തൃശൂർ സ്റ്റേഷനിലേക്ക് അടുത്തുകൊണ്ടിരുന്നു. ഞാൻ ഇറങ്ങേണ്ട സമയമായി. ബാഗുമെടുത്ത് എഴുന്നേൽക്കുമ്പോൾ ഞാൻ ആ അമ്മയുടെ അരികിലേക്ക് ചെന്നു. അവരുടെ കൈകളിൽ പതിയെ തൊട്ടു.
"അമ്മ സങ്കടപ്പെടേണ്ട. ആ മക്കൾ മിടുക്കരല്ലേ... അവർ അമ്മയുടെ അനിയന്റെ തണലായി വളരും. അമ്മ ധൈര്യമായിരിക്കണം."
ആ അമ്മ എന്നെ നോക്കി ഒന്നു തലയാട്ടി. കവിളിലൂടെ അപ്പോഴും കണ്ണീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
ട്രെയിൻ തൃശൂർ സ്റ്റേഷനിൽ വന്നു നിന്നു. ഞാൻ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി തിരിഞ്ഞു നോക്കുമ്പോൾ, ട്രെയിന്റെ ജനാലയ്ക്കപ്പുറം ശൂന്യതയിലേക്ക് നോക്കിയിരിക്കുന്ന ആ അമ്മയുടെ രൂപം ഒരു നോവായി എന്റെ മനസ്സിൽ അവശേഷിക്കുന്നുണ്ടായിരുന്നു. എന്റെ കൂട്ടുകാരിയുടെ മകളുടെ വിവാഹനിശ്ചയത്തിലേക്ക് നടക്കുമ്പോഴും, മനസ്സ് ഇപ്പോഴും ആ കേരളാ എക്സ്പ്രസിലെ അമ്മയ്ക്കൊപ്പമായിരുന്നു.
ശുഭം......
സജീവൻ.
13/06/2026

No comments: