Sunday, September 27, 2026

തിളച്ച പാലിന് കരിഞ്ഞ മണം .

 അടുപ്പിലേക്ക് വെച്ച പാത്രത്തിൽ

പാല് പതുക്കെ ചൂടുപിടിക്കുന്നുണ്ടായിരുന്നു,

ആരും കാണാതെ, അറിയാതെ.

ഒരു നോട്ടപ്പിശകിന്റെ വിടവിലൂടെ

അതൊഴുകിപ്പരന്നു;

അടുപ്പിന്റെ അടിയിലും  തറയിലുമായി

വെളുത്ത ചില അടയാളങ്ങൾ ബാക്കിവെച്ച്.  


തീയിൽ വീണു കരിഞ്ഞ പാലിന്റെ ഗന്ധം

മുറിയുടെ വായുവിൽ തങ്ങിനിൽക്കുന്നു.

അതൊരു കനമുള്ള ഓർമ്മപോലെ

ശ്വാസത്തിലേക്ക് അരിച്ചിറങ്ങുകയാണ്.


തറ തുടച്ചെടുക്കാനുള്ള തുണിയെടുക്കാൻ

കൈകൾക്ക് വല്ലാത്തൊരു ഭാരം.


മടിയുടെ നേർത്ത തണുപ്പിലേക്ക് ചാരി

ഞാൻ വെറുതെ നോക്കിയിരുന്നു.


പുറത്ത് വെളിച്ചം വന്നു തുടങ്ങിയിട്ടുണ്ട്,

പക്ഷേ, ഉള്ളിലൊരു വെയിൽ പോലും ഉദിക്കാതെ

എങ്ങോട്ടെന്നില്ലാതെ, ഒന്നുമറിയാതെ

ഞാനൊരു ശൂന്യതയിലേക്ക്

മിഴിച്ചു നിൽക്കുന്നു.


അപ്പോഴാണ് ഓർത്തത് 

ഇന്നൊരു ഞായറാലസ്യം ആണെന്ന്. 

ഞാൻ വീണ്ടും പുതപ്പ് തേടി 

കിടക്കയെ നോക്കി.


സജീവൻ 

27/09/2026


No comments: